സൗദിയിൽ സുരക്ഷ ശക്തമാക്കി: ഹൂതി മിസൈൽ ആക്രമണത്തിന് പിന്നാലെ ഇന്ത്യാക്കാർക്ക് മുന്നറിയിപ്പ്, എയർ ഇന്ത്യ സർവീസുകൾ നിർത്തിവെച്ചു

മേഖലയിലെ സുരക്ഷാ സാഹചര്യം വഷളായതിനെ തുടർന്ന് എയർ ഇന്ത്യ റിയാദിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 10 വരെ താത്കാലികമായി നിർത്തിവെച്ചു.

സൗദിയിൽ സുരക്ഷ ശക്തമാക്കി: ഹൂതി മിസൈൽ ആക്രമണത്തിന് പിന്നാലെ ഇന്ത്യാക്കാർക്ക് മുന്നറിയിപ്പ്, എയർ ഇന്ത്യ സർവീസുകൾ നിർത്തിവെച്ചു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് നേരെ യെമനിലെ ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങൾ ശക്തമാകുന്നു. 24 മണിക്കൂറിനിടെ മൂന്നാം തവണയും റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായതിനൊപ്പം നജ്റാൻ വിമാനത്താവളവും ലക്ഷ്യമിട്ടു. മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരു നഴ്സറിക്കും മെഡിക്കൽ കോംപ്ലക്സിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് കിംഗ് ഖാലിദ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്; വിമാനക്കമ്പനികളുടെ കൃത്യമായ അറിയിപ്പ് ലഭിച്ച ശേഷം മാത്രം യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ അധികൃതർ നിർദേശിച്ചു.

മേഖലയിലെ സുരക്ഷ വഷളായതിനെ തുടർന്ന് എയർ ഇന്ത്യ റിയാദിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 10 വരെ താൽക്കാലികമായി നിർത്തിവെച്ചു. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമേ സർവീസുകൾ പുനരാരംഭിക്കൂ. റിയാദിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികൾക്കായി ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അനാവശ്യമായി വീടുകൾക്ക് പുറത്തിറങ്ങരുതെന്നും പ്രാദേശിക ഭരണകൂടവും എംബസിയും നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്. അതേസമയം, സൗദിയിലെ എണ്ണ ശുദ്ധീകരണ ശാലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ഉടനടി ഒഴിഞ്ഞുപോകണമെന്ന് ഹൂതി വക്താവ് മുന്നറിയിപ്പ് നൽകി; പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങളാണ് തങ്ങളുടെ ലക്ഷ്യമെന്നും ആരും ജീവൻ അപകടത്തിലാക്കരുതെന്നും ഹൂതികൾ വ്യക്തമാക്കി.