അന്വേഷണം തുടരുന്നു; ഭൂട്ടാൻ കാർ കടത്ത് കേസിൽ ദുൽഖർ വീണ്ടും കസ്റ്റംസിന് മുന്നിൽ

അന്വേഷണത്തിന്റെ ഭാഗമായി ദുൽഖറിന്റെ നാല് ആഡംബര കാറുകൾ കസ്റ്റംസ് നേരത്തെ പിടിച്ചെടുത്തിരുന്നു. ഭൂട്ടാൻ അതിർത്തി വഴി അനധികൃതമായി രാജ്യത്തേക്ക് എത്തിച്ച വാഹനങ്ങളാണ് പിന്നീട് ദുൽഖറിന് കൈമാറിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ

അന്വേഷണം തുടരുന്നു; ഭൂട്ടാൻ കാർ കടത്ത് കേസിൽ ദുൽഖർ വീണ്ടും കസ്റ്റംസിന് മുന്നിൽ

കൊച്ചി: ഭൂട്ടാൻ കാർ കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. കേസിന്റെ ഭാഗമായി ദുൽഖറിന്റെ കൈവശമുള്ള നാല് ആഡംബര വാഹനങ്ങളുടെ ഉടമസ്ഥാവകാശ രേഖകളും വാങ്ങൽ സംബന്ധിച്ച കൂടുതൽ രേഖകളും ഹാജരാക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകൾ പരിശോധിച്ച ശേഷമാകും താരത്തെ വീണ്ടും വിളിച്ചുവരുത്തുക.

അന്വേഷണത്തിന്റെ ഭാഗമായി ദുൽഖറിന്റെ നാല് ആഡംബര കാറുകൾ കസ്റ്റംസ് നേരത്തെ പിടിച്ചെടുത്തിരുന്നു. ഭൂട്ടാൻ അതിർത്തി വഴി അനധികൃതമായി രാജ്യത്തേക്ക് എത്തിച്ച വാഹനങ്ങളാണ് പിന്നീട് ദുൽഖറിന് കൈമാറിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തതും തുടർനടപടികൾ ആരംഭിച്ചതും.

കഴിഞ്ഞ ദിവസം ഏഴ് മണിക്കൂറിലധികം ദുൽഖറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. നികുതി വെട്ടിച്ച് രാജ്യത്ത് എത്തിച്ച വാഹനങ്ങളാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നും വാഹനക്കടത്ത് സംഘവുമായി യാതൊരു ബന്ധവുമില്ലെന്നും, കൈവശമുള്ള വാഹനങ്ങളെല്ലാം നിയമാനുസൃത രേഖകളോടെയാണ് വാങ്ങിയതെന്നും ദുൽഖർ മൊഴി നൽകിയതായി അറിയുന്നു. ഇതിനിടെ വാഹനങ്ങൾ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് താരം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഹർജി പരിഗണിച്ച ഹൈക്കോടതി, കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110എ പ്രകാരം അന്വേഷണം തുടരുന്നതിനിടെ വാഹനങ്ങൾ നിബന്ധനകളോടെ ഉടമകൾക്ക് കൈമാറാൻ കഴിയുമെന്ന് നിരീക്ഷിച്ചു. വാഹനം വിട്ടുനൽകാൻ കഴിയില്ലെങ്കിൽ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്നും കോടതി കസ്റ്റംസിന് നിർദേശം നൽകിയിട്ടുണ്ട്. കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലും തുടരന്വേഷണത്തിന്റെ ഭാഗമായും കസ്റ്റംസ് തുടർനടപടികളുമായി മുന്നോട്ടുപോകുകയാണ്.