കുവൈത്തിൽ തൊഴിൽ മേഖലയിൽ കൂടുതൽ നിയന്ത്രണം; നിയമനടപടികൾ ശക്തമാക്കും

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിവിധ വിഷയങ്ങളിൽ അവലോകനം നടന്നത്

കുവൈത്തിൽ തൊഴിൽ മേഖലയിൽ കൂടുതൽ നിയന്ത്രണം; നിയമനടപടികൾ ശക്തമാക്കും

കുവൈത്ത് സിറ്റി: തൊഴിൽ വിപണിയിലെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ ഉറപ്പാക്കുന്നതിനുമായി കുവൈത്ത് പുതിയ നടപടികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ പ്രവർത്തനങ്ങളിൽ ആധുനികവൽക്കരണവും നിയമനടപ്പാക്കലും ശക്തിപ്പെടുത്താനാണ് തീരുമാനം.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിവിധ വിഷയങ്ങളിൽ അവലോകനം നടന്നത്. അതോറിറ്റിയുടെ നിലവിലെ പ്രവർത്തനങ്ങളും ഭരണസംവിധാനവും വിലയിരുത്തിയ യോഗം, ഭാവിയിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ വ്യക്തമായ ദിശ നൽകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.

തൊഴിൽ നിയമങ്ങളും അനുബന്ധ ചട്ടങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കാനും യോഗത്തിൽ നിർദേശം നൽകി. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം തൊഴിൽ വിപണിയിലെ നിയന്ത്രണ സംവിധാനങ്ങൾ കൂടുതൽ ഫലപ്രദമാക്കാനും ലക്ഷ്യമിടുന്നു.

പൗരന്മാർക്കും തൊഴിലാളികൾക്കും തൊഴിൽദാതാക്കൾക്കും പ്രയോജനപ്പെടുന്ന പുതിയ വികസന പദ്ധതികൾ നടപ്പാക്കുന്നതിലും അതോറിറ്റി ശ്രദ്ധ കേന്ദ്രീകരിക്കും. സർക്കാർ സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി അതോറിറ്റിയുടെ സേവന സംവിധാനങ്ങളെ ഏകോപിപ്പിക്കാനും തീരുമാനമായി.

അതോറിറ്റിയുടെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള മാർഗങ്ങളും യോഗത്തിൽ പരിശോധിച്ചു. സേവന വിതരണത്തിലെ വേഗതയും സുതാര്യതയും വർധിപ്പിക്കുകയും തൊഴിൽ മേഖലയിലെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുന്നതിനുള്ള നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.