നേപ്പാൾ പ്രളയത്തിൽ 475 മരണം; 60 മലയാളികൾ സുരക്ഷിതർ

ആശയവിനിമയം സാധ്യമാകാതിരുന്ന 82 മലയാളികളിൽ 60 പേരുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 14 പേർ കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികളാണെന്ന് നോർക്ക വ്യക്തമാക്കി. ഇനി എട്ട് മലയാളികളെക്കുറിച്ചാണ് സ്ഥിരീകരണം ലഭിക്കാനുള്ളത്. ഇവരുടെ വിവരങ്ങൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

നേപ്പാൾ പ്രളയത്തിൽ 475 മരണം; 60 മലയാളികൾ സുരക്ഷിതർ

ദില്ലി: നേപ്പാളിലെ മിന്നൽ പ്രളയത്തിന് പിന്നാലെ ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നു. പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നതായാണ് റിപ്പോർട്ട്. ആയിരത്തിലധികം പേരെ ഇപ്പോഴും കണ്ടെത്താനുണ്ടെന്നാണ് വിവരം. ഇതിനിടെ ആശയവിനിമയം നഷ്ടപ്പെട്ട മലയാളികളിൽ ഭൂരിഭാഗം പേരെക്കുറിച്ചും വിവരം ലഭിച്ചതായി നോർക്ക അറിയിച്ചു.

ആശയവിനിമയം സാധ്യമാകാതിരുന്ന 82 മലയാളികളിൽ 60 പേരുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 14 പേർ കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികളാണെന്ന് നോർക്ക വ്യക്തമാക്കി. ഇനി എട്ട് മലയാളികളെക്കുറിച്ചാണ് സ്ഥിരീകരണം ലഭിക്കാനുള്ളത്. ഇവരുടെ വിവരങ്ങൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

അതേസമയം, നേപ്പാളിലെ രക്ഷാപ്രവർത്തനത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേക സംഘങ്ങളുടെ സഹായം നിലവിൽ ആവശ്യമില്ലെന്ന് നേപ്പാൾ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ രക്ഷാദൗത്യ സംഘങ്ങൾക്ക് ഇതുവരെ പ്രവർത്തനാനുമതി നൽകിയിട്ടില്ല. നേപ്പാൾ സൈന്യം, പൊലീസ്, മറ്റ് പ്രാദേശിക ഏജൻസികൾ എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരാനാകുമെന്നാണ് അധികൃതരുടെ നിലപാട്. അതേസമയം ദുരിതാശ്വാസ സാമഗ്രികളും സാമ്പത്തിക സഹായവും സ്വീകരിക്കുമെന്ന് നേപ്പാൾ വ്യക്തമാക്കി.

വീണ്ടും പ്രളയസാധ്യത നിലനിൽക്കുന്നതിനാൽ ത്രിശൂൽ മേഖലയിൽ നടത്തിയിരുന്ന തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. സമാനമായ സാഹചര്യത്തെ തുടർന്ന് ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റൻ മേഖലയിലും തിരച്ചിൽ പ്രവർത്തനങ്ങൾ നിർത്തിയിട്ടുണ്ട്. ടിബറ്റിൽ അഞ്ച് പേർ മരിച്ചതായി ചൈന അറിയിച്ചു.

സാഹചര്യം വിലയിരുത്താൻ ജയശങ്കറിന്റെ യോഗം

നേപ്പാളിലെ പ്രളയത്തിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഉന്നതതല യോഗം വിളിച്ചു. നേപ്പാളിലെയും ചൈനയിലെയും ഇന്ത്യൻ അംബാസഡർമാരും യോഗത്തിൽ പങ്കെടുത്തു.

രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതി, കാണാതായ ഇന്ത്യക്കാരെ സംബന്ധിച്ച വിവരങ്ങൾ, നേപ്പാളിലേക്ക് എത്തിക്കേണ്ട ദുരിതാശ്വാസ സഹായങ്ങൾ എന്നിവ യോഗത്തിൽ വിലയിരുത്തി. കാണാതായ ഇന്ത്യക്കാരുടെ വിവരശേഖരണത്തിനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കേന്ദ്ര സർക്കാർ ഏറ്റവും ഉയർന്ന പരിഗണന നൽകുന്നുണ്ടെന്ന് ജയശങ്കർ വ്യക്തമാക്കി.