വന്ദേഭാരത് സർവീസിന് യാത്രക്കാരുടെ വൻ പിന്തുണ;റെക്കോർഡ് നേട്ടവുമായി കേരള സർവീസ്
ചെന്നൈ: രാജ്യത്തെ അതിവേഗ ട്രെയിൻ സർവീസുകളിൽ യാത്രക്കാരുടെ വലിയ സ്വീകാര്യത തുടരുകയാണ്. 2019ൽ അവതരിപ്പിച്ച വന്ദേഭാരത് ട്രെയിനുകൾ ഇതിനകം 160ലേറെ സർവീസുകളായി വ്യാപിച്ചുകഴിഞ്ഞു. ചെയർ കാർ സർവീസുകൾക്ക് പിന്നാലെ സ്ലീപ്പർ കോച്ചുകളും ഘട്ടംഘട്ടമായി സർവീസിലെത്തിയിട്ടുണ്ട്.
യാത്രക്കാരുടെ ഉപയോഗനിരക്ക് പരിശോധിക്കുമ്പോൾ വന്ദേഭാരത് ചെയർ കാർ ട്രെയിനുകളാണ് മുന്നിൽ. 2025-26 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം ഇവയുടെ ശരാശരി ഒക്യുപെൻസി 99.10 ശതമാനമാണ്. രാജ്യത്ത് ആദ്യമായി അവതരിപ്പിച്ച ഹൗറ-കാമാഖ്യ വന്ദേഭാരത് സ്ലീപ്പർ സർവീസിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം ഈ ട്രെയിനിന്റെ ഒക്യുപെൻസി 114.54 ശതമാനമായിരുന്നു.
അതേസമയം, 2025-26ൽ മറ്റ് വന്ദേഭാരത് സർവീസുകളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന യാത്രക്കാരുടെ നിരക്ക് രേഖപ്പെടുത്തിയത് തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എക്സ്പ്രസാണ്. മൊത്തം ഒക്യുപെൻസി നിരക്ക് 189.35 ശതമാനത്തിലെത്തി. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ 174.77 ശതമാനവും തിരിച്ച് മംഗളൂരുവിലേക്കുള്ള സർവീസിൽ 189.35 ശതമാനവുമാണ് ഒക്യുപെൻസി രേഖപ്പെടുത്തിയത്.
2023 സെപ്റ്റംബർ 24നാണ് ആലപ്പുഴ വഴി തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചത്. തുടക്കത്തിൽ എട്ട് കോച്ചുകളുമായി ഓടിത്തുടങ്ങിയ ട്രെയിൻ യാത്രക്കാരുടെ വർധിച്ച തിരക്ക് പരിഗണിച്ച് പിന്നീട് 20 കോച്ചുകളാക്കി വിപുലീകരിക്കുകയായിരുന്നു. യാത്രക്കാരുടെ തുടർച്ചയായ ആവശ്യകതയാണ് സർവീസ് ശേഷി വർധിപ്പിക്കാൻ റെയിൽവേയെ പ്രേരിപ്പിച്ചത്.
Comments ()