വിസിറ്റ് വിസ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ അവസാനിക്കുന്നു: കുവൈറ്റിലെ പ്രവാസികൾക്ക് സെപ്റ്റംബർ മുതൽ പുതിയ നിയമങ്ങൾ

വിസിറ്റ് വിസ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ അവസാനിക്കുന്നു: കുവൈറ്റിലെ പ്രവാസികൾക്ക് സെപ്റ്റംബർ മുതൽ പുതിയ നിയമങ്ങൾ

മേഖലയിലെ സംഘർഷാവസ്ഥയെയും വ്യോമഗതാഗത തടസ്സങ്ങളെയും തുടർന്ന് വിസിറ്റിങ് വിസകൾക്കും അവധി അപേക്ഷകൾക്കും അനുവദിച്ചിരുന്ന താൽക്കാലിക ഇളവുകൾ സെപ്റ്റംബർ 1 മുതൽ അവസാനിപ്പിക്കാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുകയും വ്യോമാതിർത്തികൾ അടച്ച് വിമാന സർവീസുകൾ മുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് സന്ദർശന വിസകളുടെ കാലാവധി സ്വയമേവ നീട്ടിനൽകുന്നതിനും പ്രവാസികൾക്ക് ആറ് മാസത്തിൽ കൂടുതൽ വിദേശത്ത് തങ്ങാൻ പ്രത്യേക അനുമതി നൽകുന്നതിനും കുവൈറ്റ് ഇളവുകൾ പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ സെപ്റ്റംബർ 1 മുതൽ ഓട്ടോമാറ്റിക് വിസ എക്സ്റ്റൻഷനും വിദേശത്ത് കൂടുതൽ കാലം തങ്ങാനുള്ള പ്രത്യേക പെർമിറ്റുകളും അവസാനിക്കുകയും ഫെബ്രുവരി 28-ന് മുൻപുണ്ടായിരുന്ന സാധാരണ നിയമങ്ങളും നടപടിക്രമങ്ങളും പൂർണ്ണമായും പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യും. ഓഗസ്റ്റ് 31 വരെ കുവൈറ്റിന് പുറത്തേക്ക് പോകുന്ന പ്രവാസികൾക്ക് ഈ ആനുകൂല്യങ്ങൾ ലഭ്യമായിരിക്കും. കൂടാതെ, അവധി അപേക്ഷകളുടെ അന്തിമ കാലാവധി നിർണയിക്കുന്നതിനും ഔദ്യോഗിക വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനും ഏകീകൃത ഗവൺമെന്റ് ആപ്പായ 'സഹൽ' നൽകുന്ന റസിഡൻസ് പെർമിറ്റ് സർട്ടിഫിക്കറ്റ് മാത്രമായിരിക്കും ഇനിമുതൽ ഔദ്യോഗിക രേഖയായി പരിഗണിക്കുക.