തൊഴിൽ ഇടവേള ഇനി തടസ്സമല്ല; 'വിമൻ ബാക്ക് ടു കരിയർ' വെബ്‌സൈറ്റ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു
വിമൻ ഇൻക്ലൂസീവ് ഇൻ ടെക്നോളജി (WIIT) യുടെ നേതൃത്വത്തിലാണ് 10,000 വിമൻ ബാക്ക് ടു കരിയർ പദ്ധതി നടപ്പിലാക്കുന്നത്.
സ്ത്രീകളുടെ തൊഴിൽ മേഖലയിലെ പങ്കാളിത്തവും മുന്നേറ്റവും ഉറപ്പാക്കാൻ സർക്കാരിന്റെയും തൊഴിലുടമകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയുള്ള ബഹുമുഖ ഇടപെടലുകൾ നടപ്പിലാക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ പ്രഖ്യാപിച്ചു. തൊഴിലിടങ്ങൾ സുരക്ഷിതമാക്കാൻ പോഷ് (POSH) നിയമങ്ങൾ കർശനമായി നടപ്പിലാക്കണമെന്നും പ്രസവാവധി കഴിഞ്ഞ് തിരിച്ചെത്തുന്ന സ്ത്രീകൾക്കായി ഓഫീസുകളിൽ നിർബന്ധമായും ഡേകെയർ സംവിധാനങ്ങൾ ഒരുക്കണമെന്നും വിമൻ ഇൻക്ലൂസീവ് ഇൻ ടെക്നോളജിയുടെ (WIIT) 'ടെൻ തൗസൻഡ് വിമൻ ബാക്ക് ടു കരിയർ' പദ്ധതിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മന്ത്രി ആവശ്യപ്പെട്ടു.
2024-ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ കരിയറിൽ ഇടവേള എടുത്ത 10,000 സ്ത്രീകൾക്ക് ആവശ്യമായ നൈപുണ്യ പരിശീലനവും ആത്മവിശ്വാസവും നൽകി ഐ.ടി, ഐ.ടി.ഇ.എസ്, ഹാർഡ്‌വെയർ, റീട്ടെയിൽ തുടങ്ങിയ മേഖലകളിലെ അനുയോജ്യമായ തൊഴിൽ, റിട്ടേൺഷിപ്പ് അവസരങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. ഡബ്ല്യു.ഐ.ഐ.ടി, കേരള നോളജ് ഇക്കണോമി മിഷൻ, കെ-ഡിസ്ക്, ഐ.സി.ടി അക്കാദമി, ടെക്നോപാർക്ക് എന്നിവയുടെ സംയുക്ത സഹകരണത്തോടെ നടപ്പാക്കുന്ന ഈ സംരംഭത്തിന്റെ പുതിയ പോർട്ടലിൽ വനിതകൾക്ക് തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും പ്രൊഫഷണൽ പരിചയവും ഉൾപ്പെടുത്തി അനുയോജ്യമായ അവസരങ്ങൾ കണ്ടെത്താനാകും.
താല്പര്യമുള്ളവർക്ക്https://reignite-front-end.vercel.app/register-candidateഎന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. ചടങ്ങിൽ ഡബ്ല്യു.ഐ.ഐ.ടി പ്രസിഡന്റ് ടീനാ ജെയിംസ്, കെ-ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ റിയാസ്, ഐ.സി.ടി അക്കാദമി സി.ഇ.ഓ മുരളീധരൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
Comments ()