ബിജെപി നേതാവ് നിവേദിത സുബ്രഹ്മണ്യൻ ദേശീയ വനിതാ കമ്മിഷൻ അംഗം, കേന്ദ്രസർക്കാർ നിയമനം

ഗുരുവായൂർ സ്വദേശിയായ നിവേദിത നിലവിൽ ബിജെപി തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റാണ്. മഹിളാ മോർച്ചയുടെ സംസ്ഥാന അധ്യക്ഷയായും നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ശ്രദ്ധ നേടിയത്

ബിജെപി നേതാവ് നിവേദിത സുബ്രഹ്മണ്യൻ ദേശീയ വനിതാ കമ്മിഷൻ അംഗം, കേന്ദ്രസർക്കാർ നിയമനം

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ബിജെപി നേതാവ് നിവേദിത സുബ്രഹ്മണ്യനെ ദേശീയ വനിതാ കമ്മിഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ. സെപ്റ്റംബർ 24ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് നിയമനം സംബന്ധിച്ച ഉത്തരവ്. മൂന്ന് വർഷമാണ് കാലാവധി. ഉത്തർപ്രദേശിൽ നിന്നുള്ള അർച്ചന മിശ്രയെയും ഇതോടൊപ്പം കമ്മിഷൻ അംഗമായി നിയമിച്ചിട്ടുണ്ട്.

ഗുരുവായൂർ സ്വദേശിയായ നിവേദിത നിലവിൽ ബിജെപി തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റാണ്. മഹിളാ മോർച്ചയുടെ സംസ്ഥാന അധ്യക്ഷയായും നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ശ്രദ്ധ നേടിയത്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും നിവേദിതയ്ക്ക് ബിജെപി സ്ഥാനാർഥിത്വം നൽകിയിരുന്നെങ്കിലും നാമനിർദേശ പത്രിക തള്ളപ്പെട്ടതോടെ മത്സരിക്കാനായില്ല. തുടർന്ന് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽനിന്ന് മത്സരിച്ചു.

നിവേദിതയ്ക്കും അർച്ചന മിശ്രയ്ക്കുമുള്ള നിയമനം ചുമതല ഏറ്റെടുക്കുന്ന തീയതി മുതൽ മൂന്ന് വർഷത്തേക്കാണ്. 65 വയസ്സ് പൂർത്തിയാകുന്നതോ കേന്ദ്രസർക്കാർ ഉത്തരവുണ്ടാകുന്നതോ ഉൾപ്പെടെയുള്ള വ്യവസ്ഥകൾക്ക് വിധേയമായാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ വിജയ കിഷോർ രഹാത്കറാണ് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ.