2010ലെ ഓർമ്മകൾ വീണ്ടും; സ്പെയിനിന് കിരീട പ്രതീക്ഷ നൽകുന്ന കൗതുകകരമായ യാദൃച്ഛികതകൾ
2010ൽ ലോകകപ്പ് കിരീടം നേടിയപ്പോൾ യൂറോ ചാമ്പ്യൻമാരെന്ന നിലയിലാണ് സ്പെയിൻ ടൂർണമെന്റിലെത്തിയത്. 2026ലും അതേ സാഹചര്യത്തിലാണ് ടീം ലോകകപ്പിൽ മത്സരിക്കുന്നത്. രണ്ട് ലോകകപ്പുകളിലും സ്പെയിന്റെ ഗ്രൂപ്പ് എച്ചായിരുന്നതും മറ്റൊരു കൗതുകമാണ്
ന്യൂയോർക്ക്: ലോകകപ്പിന്റെ ഫൈനലിലേക്ക് മുന്നേറിയ സ്പെയിനിനെ ചുറ്റിപ്പറ്റി ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാകുന്നത് കളിമികവ് മാത്രമല്ല, 2010ലെ കിരീട നേട്ടവുമായി സാമ്യമുള്ള നിരവധി സംഭവങ്ങളുമാണ്. യാദൃച്ഛികതകളാണെങ്കിലും ഇത്തരം ആവർത്തനങ്ങൾ സ്പാനിഷ് ആരാധകർക്ക് പ്രതീക്ഷ പകരുന്ന ഘടകങ്ങളായി മാറിയിരിക്കുകയാണ്.
2010ൽ ലോകകപ്പ് കിരീടം നേടിയപ്പോൾ യൂറോ ചാമ്പ്യൻമാരെന്ന നിലയിലാണ് സ്പെയിൻ ടൂർണമെന്റിലെത്തിയത്. 2026ലും അതേ സാഹചര്യത്തിലാണ് ടീം ലോകകപ്പിൽ മത്സരിക്കുന്നത്. രണ്ട് ലോകകപ്പുകളിലും സ്പെയിന്റെ ഗ്രൂപ്പ് എച്ചായിരുന്നതും മറ്റൊരു കൗതുകമാണ്.
ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിലും ശ്രദ്ധേയമായ സാമ്യമുണ്ട്. 2010ൽ ദക്ഷിണാഫ്രിക്കയും മെക്സിക്കോയും തമ്മിലായിരുന്നു ആദ്യ മത്സരം. ഇത്തവണയും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടിയത് ഈ രണ്ട് ടീമുകൾ തന്നെയായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ സ്പെയിൻ ഗോൾ നേടാതെ അവസാനിപ്പിച്ചതും രണ്ട് ലോകകപ്പുകളിലുമുള്ള മറ്റൊരു ആവർത്തനമാണ്. 2010ൽ സ്വിറ്റ്സർലൻഡിനോടും 2026ൽ കാബോ വെർദെയോടുമായിരുന്നു ഗോൾരഹിത തുടക്കം.
നോക്കൗട്ട് റൗണ്ടിലും ചരിത്രം ആവർത്തിക്കുന്നതുപോലെയാണ് ചിത്രം. രണ്ട് ലോകകപ്പുകളിലും പ്രീക്വാർട്ടറിൽ സ്പെയിന്റെ എതിരാളി പോർച്ചുഗലായിരുന്നു. സെമിഫൈനലിൽ ലാറ്റിനമേരിക്കയിൽ നിന്ന് ഒരു ടീം മാത്രം എത്തിയതും ഇരു ടൂർണമെന്റുകളിലുമുള്ള മറ്റൊരു സാമ്യമാണ്.
ക്ലബ് ഫുട്ബോളുമായി ബന്ധപ്പെട്ടും നിരവധി യാദൃച്ഛികതകൾ ചൂണ്ടിക്കാണിക്കപ്പെടുന്നു. 2010ലെ സ്പെയിൻ ലോകകപ്പ് ടീമിൽ എട്ട് ബാഴ്സലോണ താരങ്ങളുണ്ടായിരുന്നു. ഇത്തവണ ഫൈനലിലെത്തിയ ടീമിലും അതേ എണ്ണത്തിൽ ബാഴ്സ താരങ്ങൾ ഇടം നേടിയിട്ടുണ്ട്.
റയൽ മാഡ്രിഡിന് പ്രധാന കിരീടങ്ങളില്ലാതെ സീസൺ അവസാനിച്ചതും 2010ലെയും 2026ലെയും പൊതുസവിശേഷതയാണ്. അതേസമയം, ബാഴ്സലോണ രണ്ട് ആഭ്യന്തര കിരീടങ്ങൾ സ്വന്തമാക്കിയതും രണ്ട് വർഷങ്ങളിലും ആവർത്തിച്ചു.
കോപ്പ ഡെൽ റേയിൽ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ നിരാശാജനകമായ ഫൈനൽ തോൽവിയും, ജോസെ മൗറീന്യോ റയൽ മാഡ്രിഡുമായി വീണ്ടും ബന്ധപ്പെടുന്നതും ആരാധകർ ചർച്ച ചെയ്യുന്ന മറ്റുചില സാമ്യങ്ങളാണ്.
മാർസെലോ ബിയെൽസ പരിശീലിപ്പിച്ച ടീം സ്പെയിനെ ഗ്രൂപ്പ് ഘട്ടത്തിൽ നേരിട്ടതും രണ്ട് ലോകകപ്പുകളിലും സംഭവിച്ചു. 2010ൽ ചിലിയും 2026ൽ ഉറുഗ്വേയും ആയിരുന്നു ബിയെൽസയുടെ ടീമുകൾ. ഇരു തവണയും അത് ഗ്രൂപ്പിലെ അവസാന മത്സരമായിരുന്നു.
മെക്സിക്കോയുടെ പരിശീലകനായി സാവിയർ അഗ്വിറെ ചുമതലയേറ്റതും 2010ലെയും 2026ലെയും ഒരേ ചിത്രമാണ്. ലോകകപ്പിന്റെ ഔദ്യോഗിക ഗാനവുമായി ഷാക്കിറയുടെ സാന്നിധ്യവും രണ്ട് ടൂർണമെന്റുകളെയും ബന്ധിപ്പിക്കുന്ന മറ്റൊരു കൗതുകമായി ആരാധകർ ചൂണ്ടിക്കാണിക്കുന്നു.
ചരിത്രമോ യാദൃച്ഛികതകളോ മത്സരഫലം നിർണയിക്കില്ല. എന്നാൽ 2010ലെ വിജയത്തിന്റെ ഓർമ്മകൾക്ക് സമാനമായ ഈ സംഭവങ്ങൾ സ്പാനിഷ് ആരാധകരുടെ കിരീട പ്രതീക്ഷകൾക്ക് കൂടുതൽ കരുത്തേകുന്നുവെന്നത് നിസ്സംശയമാണ്.
Comments ()