യാത്രക്കാർക്ക് ആശ്വാസം: തടസ്സങ്ങൾ മാറി എയർ ഇന്ത്യ എക്സ്പ്രസ് പശ്ചിമേഷ്യൻ സർവീസുകൾ പുനരാരംഭിച്ചു

. സാങ്കേതിക തടസ്സങ്ങളെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന കുവൈറ്റ്, ഒമാനിലെ സലാല എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് കമ്പനി വീണ്ടും തുടങ്ങിയത്

യാത്രക്കാർക്ക് ആശ്വാസം: തടസ്സങ്ങൾ മാറി എയർ ഇന്ത്യ എക്സ്പ്രസ് പശ്ചിമേഷ്യൻ സർവീസുകൾ പുനരാരംഭിച്ചു

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. സാങ്കേതിക തടസ്സങ്ങളെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന കുവൈറ്റ്, ഒമാനിലെ സലാല എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് കമ്പനി വീണ്ടും തുടങ്ങിയത്. പ്രവാസികള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് ഈ തീരുമാനം. വരും ദിവസങ്ങളില്‍ ഈ റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്നും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് - കുവൈറ്റ് സര്‍വീസുകള്‍ ജൂലൈ മൂന്ന് വെള്ളിയാഴ്ച മുതലും ബെംഗളൂരു - കുവൈറ്റ് സര്‍വീസുകള്‍ ജൂലൈ നാല് ശനിയാഴ്ച മുതലും വീണ്ടും ആരംഭിക്കും. വരും ദിവസങ്ങളില്‍ ഈ റൂട്ടുകളിലെ സര്‍വീസുകളുടെ എണ്ണം ഘട്ടഘട്ടമായി വര്‍ദ്ധിപ്പിക്കാനാണ് കമ്പനി തീരുമാനം.

ആദ്യഘട്ടത്തില്‍ കോഴിക്കോട് - സലാല റൂട്ടില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളിലായി ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണുണ്ടാവുക. കോഴിക്കോട് - കുവൈറ്റ് റൂട്ടില്‍ ജൂലൈ മൂന്നിന് ഒരു സര്‍വീസോടെ തുടങ്ങി ജൂലൈ അഞ്ച് മുതല്‍ ആഴ്ചയില്‍ മൂന്ന് വിമാനങ്ങള്‍ വീതം സര്‍വീസ് നടത്തും.

ബെംഗളൂരു - കുവൈറ്റ് റൂട്ടില്‍ ജൂലൈ നാലിന് ആദ്യ സര്‍വീസ് നടത്തിയ ശേഷം ജൂലൈ ഏഴ് മുതല്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളായി ഉയര്‍ത്തും. അതേസമയം, കുവൈറ്റില്‍ നിന്നുള്ള എല്ലാ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 4-ല്‍ നിന്നായിരിക്കും സര്‍വീസ് നടത്തുക.