ക്യാഷ് കൗണ്ടറുകളിലും കവാടങ്ങളിലും ഇനി ജങ്ക് ഫുഡ് പരസ്യങ്ങളില്ല; അബുദാബിയിൽ കർശന നിയന്ത്രണങ്ങളോടെ പുതിയ ഉത്തരവ്
ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ് പ്ലാറ്റ്‌ഫോമുകള്‍ക്കും ഈ നിയമം ബാധകമാണ്
അബുദാബി: അബുദാബിയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ജങ്ക് ഫുഡുകളും അനാരോഗ്യകരമായ പാനീയങ്ങളും പ്രദര്‍ശിപ്പിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തുന്നു. അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ ഹെല്‍ത്തി ലിവിങ് വിഭാഗം, ആരോഗ്യ വകുപ്പ്, ഭക്ഷ്യ വകുപ്പ്, രജിസ്ട്രേഷന്‍ അതോറിറ്റി എന്നിവര്‍ ചേര്‍ന്നാണ് ഈ പുതിയ നയം നടപ്പിലാക്കുന്നത്.
2027 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ നിര്‍ദ്ദേശം ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ് പ്ലാറ്റ്ഫോമുകള്‍ക്കും ഒരുപോലെ ബാധകമായിരിക്കും. പുതിയ നിയമപ്രകാരം സൂപ്പര്‍മാര്‍ക്കറ്റുകളുടെ പ്രവേശന കവാടങ്ങള്‍, ചെക്ക് ഔട്ട് കൗണ്ടറുകള്‍, എന്‍ഡ് ഓഫ് ദി സെയില്‍ ഡിസ്പ്ലേകള്‍ എന്നിവടങ്ങളില്‍ നിന്ന് അനാരോഗ്യകരമായ ഭക്ഷണപദാര്‍ത്ഥങ്ങളുടെയും പാനീയങ്ങളുടെയും പരസ്യങ്ങളും പ്രദര്‍ശനങ്ങളും പൂര്‍ണ്ണമായും നീക്കം ചെയ്യേണ്ടി വരും.
ഉപഭോക്താക്കള്‍ കൂടുതല്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ അനാരോഗ്യകരമായ ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമായി പ്രദര്‍ശിപ്പിച്ച് വിറ്റഴിക്കുന്നത് തടയുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഉയര്‍ന്ന അളവില്‍ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണ-പാനീയങ്ങള്‍ക്കാണ് ഈ നിയന്ത്രണങ്ങള്‍ ബാധകമാകുന്നത്. 4000 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തീര്‍ണ്ണമുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ അവരുടെ പ്രവേശന കവാടങ്ങളിലോ ക്യാഷ് കൗണ്ടറുകള്‍ക്ക് സമീപത്തോ ഇത്തരം ഭക്ഷ്യവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളതല്ല.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെ ഹോംപേജിലോ, ചെക്ക് ഔട്ട് പേജിലോ, പോപ്പ്-അപ്പ് പരസ്യങ്ങളായോ ഇത്തരം ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. അബുദാബി പൊതുജനാരോഗ്യ കേന്ദ്രം ആരോഗ്യത്തിന് ഹാനികരമെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുള്ള എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്. കൂടാതെ, കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലം ഒഴിവാക്കുന്നതിനായി സ്‌കൂള്‍ കാന്റീനുകളിലും പരിസരങ്ങളിലും ജങ്ക് ഫുഡുകള്‍ക്ക് പൂര്‍ണ്ണ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. സമൂഹത്തില്‍ ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതര്‍ ഈ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
Comments ()