17 വർഷത്തെ കരിയറിന് സമാപനം, അജിങ്ക്യ രഹാനെ ക്രിക്കറ്റിൽ നിന്ന് പടിയെറങ്ങുന്നു

ഈ വര്‍ഷത്തെ ഐ.പി.എല്ലിലാണ് രഹാനെ അവസാനമായി മത്സരരംഗത്തിറങ്ങിയത്.

17 വർഷത്തെ കരിയറിന് സമാപനം, അജിങ്ക്യ രഹാനെ ക്രിക്കറ്റിൽ നിന്ന് പടിയെറങ്ങുന്നു

മുംബൈ: 17 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിന് തിരശ്ശീലയിട്ട് മുന്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോ സന്ദേശത്തിലൂടെയാണ് 38-കാരനായ രഹാനെ തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. അടുത്തിടെയും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും, ഒടുവില്‍ കളിമൈതാനങ്ങളോട് വിടപറയാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഈ വര്‍ഷത്തെ ഐ.പി.എല്ലിലാണ് രഹാനെ അവസാനമായി മത്സരരംഗത്തിറങ്ങിയത്.

ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി 31 പന്തില്‍ 69 റണ്‍സ് അടിച്ചുകൂട്ടിയാണ് അജിങ്ക്യ രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വരവറിയിച്ചത്. തൊട്ടടുത്ത ദിവസങ്ങളില്‍ ഡര്‍ഹാമില്‍ നടന്ന ഏകദിന അരങ്ങേറ്റത്തിലും (44 പന്തില്‍ 40 റണ്‍സ്) അദ്ദേഹം മിന്നുന്ന പ്രകടനം പുറത്തെടുത്തു. എന്നാല്‍, ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള വിളി വരാന്‍ അദ്ദേഹത്തിന് വീണ്ടും രണ്ടു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു.

2013-ല്‍ ഡല്‍ഹിയില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ റെഡ് ബോള്‍ അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും, പിന്നീട് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ അവിഭാജ്യ ഘടകമായും നട്ടെല്ലായും മാറാന്‍ രഹാനെയ്ക്ക് സാധിച്ചു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ തിളങ്ങിയെങ്കിലും ടെസ്റ്റ് ക്രിക്കറ്റിലായിരുന്നു രഹാനെ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തത്.