ജോർദാനെ മറികടന്ന് അർജന്റീനയ്ക്ക് തകർപ്പൻ ജയം; മെസിയുടെ റെക്കോർഡ് ഗോളോടെ ഗ്രൂപ്പ് ചാമ്പ്യന്മാർ

മെസിയില്ലാതെയാണ് അർജന്റീന ആദ്യ പകുതി തുടങ്ങിയത്. തുടക്കത്തിൽ തന്നെ പന്തടക്കത്തിലും ആക്രമണങ്ങളിലും വ്യക്തമായ ആധിപത്യം പുലർത്തിയ ടീം 19-ാം മിനിറ്റിൽ ലോ സെൽസോയുടെ മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ ലീഡ് നേടി

ജോർദാനെ മറികടന്ന് അർജന്റീനയ്ക്ക് തകർപ്പൻ ജയം; മെസിയുടെ റെക്കോർഡ് ഗോളോടെ ഗ്രൂപ്പ് ചാമ്പ്യന്മാർ

ഡാളസ്: ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം സമ്പൂർണ വിജയത്തോടെ അവസാനിപ്പിച്ച് അർജന്റീന. നിർണായക മത്സരത്തിൽ ജോർദാനെ 3-1ന് കീഴടക്കിയ അർജന്റീന മൂന്ന് മത്സരങ്ങളിലും ജയിച്ച് ഒമ്പത് പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി.

മെസിയില്ലാതെയാണ് അർജന്റീന ആദ്യ പകുതി തുടങ്ങിയത്. തുടക്കത്തിൽ തന്നെ പന്തടക്കത്തിലും ആക്രമണങ്ങളിലും വ്യക്തമായ ആധിപത്യം പുലർത്തിയ ടീം 19-ാം മിനിറ്റിൽ ലോ സെൽസോയുടെ മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ ലീഡ് നേടി. തുടർന്ന് 28-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം ലൗതാരോ മാർട്ടിനെസ് ഗോളാക്കി മാറ്റിയതോടെ ആദ്യ പകുതി 2-0ന് അർജന്റീനയുടെ നിയന്ത്രണത്തിലായി.

രണ്ടാം പകുതിയിൽ ജോർദാൻ ശക്തമായ തിരിച്ചുവരവ് നടത്തി. 55-ാം മിനിറ്റിൽ മൂസ അൽ തമാരി നേടിയ ഗോളിലൂടെ അവർ ലീഡ് കുറച്ചതോടെ മത്സരം ആവേശകരമായി. എന്നാൽ 60-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ നായകൻ ലിയോണൽ മെസി കളിയുടെ ഗതി വീണ്ടും അർജന്റീനയ്ക്ക് അനുകൂലമാക്കി.

മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ലഭിച്ച ഫ്രീകിക്ക് അവസരം മെസി മനോഹരമായി ഗോളാക്കി മാറ്റി ടീമിന്റെ വിജയം ഉറപ്പിച്ചു. ഇതോടെ ഈ ലോകകപ്പിൽ മെസിയുടെ ഗോൾ നേട്ടം ആറായും ലോകകപ്പ് ചരിത്രത്തിലെ ആകെ ഗോൾ എണ്ണം 19 ആയും ഉയർന്നു. തുടർച്ചയായ ഏഴ് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടവും മെസി സ്വന്തമാക്കി.

മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റ് നേടിയ അർജന്റീന ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് നോക്കൗട്ട് റൗണ്ടിലേക്ക് കടക്കുന്നത്. പ്രീക്വാർട്ടറിൽ കേപ് വെർദെയാകും അർജന്റീനയുടെ എതിരാളി