സുരക്ഷയിലെ ചെറിയ വീഴ്ച, പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി മലയാളി ബാലികയുടെ വേർപാട്

തൃശൂര്‍ വടക്കാഞ്ചേരി ഓട്ടുപാറ പിലാക്കാട് ചങ്കരത്ത് തെക്കേതില്‍ പ്രദീപിന്റെയും ദിവ്യയുടെയും മകള്‍ ദക്ഷ പ്രദീപ് ആണ് മരിച്ചത്.

സുരക്ഷയിലെ ചെറിയ വീഴ്ച, പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി മലയാളി ബാലികയുടെ വേർപാട്

മസ്‌കറ്റ്: ഒമാനിലെ റുസൈലില്‍ കെട്ടിടത്തില്‍ നിന്ന് വീണ് നാലുവയസ്സുകാരിയായ മലയാളി ബാലിക മരണപ്പെട്ട വാര്‍ത്തയുടെ ഞെട്ടലിലാണ് പ്രവാസലോകം. തൃശൂര്‍ വടക്കാഞ്ചേരി ഓട്ടുപാറ പിലാക്കാട് ചങ്കരത്ത് തെക്കേതില്‍ പ്രദീപിന്റെയും ദിവ്യയുടെയും മകള്‍ ദക്ഷ പ്രദീപ് ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. അടുത്തിടെ മാത്രമാണ് ദിവ്യയും മകള്‍ ദക്ഷയും സന്ദര്‍ശന വിസയില്‍ ഒമാനില്‍ എത്തിയത്. അപ്രതീക്ഷിതമായി ഉണ്ടായ ഈ വിയോഗം പ്രവാസി മലയാളി സമൂഹത്തെയാകെ ആഴത്തില്‍ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

കുടുംബത്തിന്‍റെ സന്തോഷം ഒരു നിമിഷത്തെ അശ്രദ്ധയിൽ തീരാനോവായി മാറുകയായിരുന്നു. വൈഫൈ കണക്ഷന് വേണ്ടി ജനലിലെ നെറ്റിൽ ദ്വാരമുണ്ടാക്കിയതിന്റെ വിടവിലൂടെയാണ് മരണപ്പെട്ട ദക്ഷ പ്രദീപ് കെട്ടിടത്തിന്റെ നിന്ന് താഴേക്ക് വീണത്. ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന് സമീപമുള്ള സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു ദക്ഷയുടെ പിതാവ് പ്രദീപ്.

ദക്ഷ ഉറങ്ങിക്കിടന്ന സമയം അത്യാവശ്യസാധനങ്ങൾ വാങ്ങാനായി പ്രദീപ് ജോലി ചെയ്യുന്ന സൂപ്പർമാർക്കറ്റിലേക്ക് പോയതായിരുന്നു അമ്മ ദിവ്യ. ഉറക്കമുണർന്നപ്പോള്‍ അമ്മയെ കാണാത്തതിന്‍റെ വെപ്രാളത്തിൽ ജനലിലെ നെറ്റിന്‍റെ വിടവിലൂടെ പുറത്തേക്ക് നോക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്. കുട്ടി തറയിലേക്ക് വീണതിനാൽ സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഉടൻ തന്നെ റോയൽ ഒമാൻ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.