കുവൈത്തിൽ വൻ ലഹരിവേട്ട; ഒമ്പത് കേസുകളിലായി 16 പേർ അറസ്റ്റിൽ
പരിശോധനയിൽ 3 കിലോ 35 ഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റമിൻ, 2,502 ക്യാപ്റ്റഗൺ ഗുളികകൾ, 15 ഗ്രാം ഹെറോയിൻ, 11 ഗ്രാം ഹാഷിഷ്, 2 ഗ്രാം മാരക രാസവസ്തുക്കൾ, ലഹരിദ്രാവകം കലർത്തിയ 96 പേപ്പർ കഷണങ്ങൾ, 81 സൈക്കോ ആക്റ്റീവ് ഗുളികകളും ക്യാപ്സൂളുകളും കണ്ടെത്തി
കുവൈത്ത് സിറ്റി: ലഹരിമരുന്ന് കടത്തും വിതരണവും ഉപയോഗവും തടയുന്നതിനായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം ശക്തമാക്കിയ പരിശോധനകൾക്കിടെ വൻ ലഹരിവേട്ട. വിവിധ ഭാഗങ്ങളിൽ നടത്തിയ പ്രത്യേക റെയ്ഡുകളിൽ ഒമ്പത് വ്യത്യസ്ത കേസുകളിലായി 16 പേരെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു.
രഹസ്യവിവരങ്ങളുടെയും ദീർഘനാളത്തെ നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. വിൽപ്പനയ്ക്കും വ്യക്തിഗത ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന വൻതോതിലുള്ള ലഹരിവസ്തുക്കളും അധികൃതർ പിടിച്ചെടുത്തു.
പരിശോധനയിൽ 3 കിലോ 35 ഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റമിൻ, 2,502 ക്യാപ്റ്റഗൺ ഗുളികകൾ, 15 ഗ്രാം ഹെറോയിൻ, 11 ഗ്രാം ഹാഷിഷ്, 2 ഗ്രാം മാരക രാസവസ്തുക്കൾ, ലഹരിദ്രാവകം കലർത്തിയ 96 പേപ്പർ കഷണങ്ങൾ, 81 സൈക്കോ ആക്റ്റീവ് ഗുളികകളും ക്യാപ്സൂളുകളും കണ്ടെത്തി. ലഹരിവസ്തുക്കൾ തൂക്കാൻ ഉപയോഗിച്ചിരുന്ന മൂന്ന് ഡിജിറ്റൽ ത്രാസുകളും ലഹരി വിൽപ്പനയിലൂടെ ലഭിച്ചതായി സംശയിക്കുന്ന 960 കുവൈത്തി ദിനാറും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു. ലഹരിക്കെതിരായ നടപടി ശക്തമായി തുടരുമെന്നും രാജ്യത്ത് മയക്കുമരുന്ന് ശൃംഖലകൾ പൂർണമായി തകർക്കാൻ കർശന പരിശോധനകളും രഹസ്യ ഓപ്പറേഷനുകളും തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Comments ()