ജപ്പാനെതിരെ ബ്രസീൽ, മൊറോക്കോയെ നേരിട്ട് നെതർലൻഡ്‌സ്; പ്രീക്വാർട്ടർ പോരാട്ടങ്ങൾ നിശ്ചയം

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഡൈസെൻ മയേദയുടെ ഗോളിൽ ജപ്പാൻ ലീഡ് നേടിയെങ്കിലും, അധികം വൈകാതെ ആന്റണി എലാങ്ക സ്വീഡന് സമനില സമ്മാനിച്ചു. ഇരുടീമുകളും ശേഷിച്ച സമയത്ത് വിജയഗോൾ കണ്ടെത്താനാകാതെ വന്നതോടെ പോയിന്റ് പങ്കിട്ടു

ജപ്പാനെതിരെ ബ്രസീൽ, മൊറോക്കോയെ നേരിട്ട് നെതർലൻഡ്‌സ്; പ്രീക്വാർട്ടർ പോരാട്ടങ്ങൾ നിശ്ചയം
Japan vs Sweden

ന്യൂയോർക്ക്: ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് ഗ്രൂപ്പ് എഫ് മത്സരങ്ങൾക്ക് പിന്നാലെ ചിത്രം വ്യക്തമായി. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ ജപ്പാൻ ഇനി ബ്രസീലിനെ നേരിടും. സ്വീഡനുമായുള്ള അവസാന ഗ്രൂപ്പ് മത്സരം 1-1ന് സമനിലയിൽ അവസാനിച്ചതോടെയാണ് ജപ്പാൻ നോക്കൗട്ട് ഘട്ടത്തിലെ എതിരാളിയായി ബ്രസീലിനെ നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഡൈസെൻ മയേദയുടെ ഗോളിൽ ജപ്പാൻ ലീഡ് നേടിയെങ്കിലും, അധികം വൈകാതെ ആന്റണി എലാങ്ക സ്വീഡന് സമനില സമ്മാനിച്ചു. ഇരുടീമുകളും ശേഷിച്ച സമയത്ത് വിജയഗോൾ കണ്ടെത്താനാകാതെ വന്നതോടെ പോയിന്റ് പങ്കിട്ടു.

ഈ സമനിലയോടെ ജപ്പാനും സ്വീഡനും നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. ലോകകപ്പിൽ തുടർച്ചയായ മൂന്നാം തവണയാണ് ജപ്പാൻ ഗ്രൂപ്പ് ഘട്ടം മറികടക്കുന്നത്. ടൂർണമെന്റിൽ ജപ്പാൻ നേടിയ ഏഴാമത്തെ ഗോളായിരുന്നു മയേദയുടേത്. ഒരു ലോകകപ്പിൽ ജപ്പാൻ നേടുന്ന ഏറ്റവും ഉയർന്ന ഗോൾ നേട്ടം കൂടിയാണിത്.

അതേസമയം, ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ടുണീഷ്യയെ 3-1ന് കീഴടക്കി നെതർലൻഡ്‌സ് ഗ്രൂപ്പ് ചാമ്പ്യന്മാരായി. മൂന്നാം മിനിറ്റിൽ എതിരാളിയുടെ സെൽഫ് ഗോളിലൂടെ ലീഡ് നേടിയ നെതർലൻഡ്‌സ്, ബ്രയാൻ ബ്രോബിയും ജാൻ പോൾ വാൻ ഹെക്കും നേടിയ ഗോളുകളിലൂടെ വിജയം ഉറപ്പിച്ചു. ടുണീഷ്യയ്ക്കായി ഹസേം മസ്തൂരി ആശ്വാസഗോൾ നേടി.

ഗ്രൂപ്പ് ജേതാക്കളായ നെതർലൻഡ്‌സ് പ്രീക്വാർട്ടറിൽ ഗ്രൂപ്പ് സി റണ്ണറപ്പായ മൊറോക്കോയെ നേരിടും. ജപ്പാനും ബ്രസീലും തമ്മിലുള്ള പോരാട്ടം തിങ്കളാഴ്ച ഹ്യൂസ്റ്റണിൽ നടക്കും.