വിമാനത്തിൽ വായുമർദ്ദം കുറഞ്ഞു; വിമാനം അടിയന്തരമായി തിരിച്ചിറക്കി
36,000 അടി ഉയരത്തിൽ വെച്ച് തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ പൈലറ്റുമാർ വിമാനം 9,000 അടിയിലേക്ക് താഴ്ത്തുകയായിരുന്നു.
ലണ്ടനിൽ നിന്ന് ഷിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവേയ്സിന്റെ ബിഎ295 (BA295) നമ്പർ ബോയിംഗ് 777 വിമാനം, സാങ്കേതിക തകരാറിനെ തുടർന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12:14-ന് പുറപ്പെട്ട് അയർലൻഡിന് മുകളിലൂടെ 36,000 അടി ഉയരത്തിൽ പറക്കുമ്പോൾ ക്യാബിനിലെ വായുമർദ്ദം പെട്ടെന്ന് കുറഞ്ഞതാണ് തിരിച്ചിറക്കാൻ കാരണം. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പൈലറ്റുമാർ ഉടൻതന്നെ എമർജൻസി സന്ദേശം നൽകുകയും മിനിറ്റുകൾക്കകം വിമാനം 9,000 അടി താഴ്ചയിലേക്ക് താഴ്ത്തുകയും ചെയ്തു.
അറ്റ്ലാന്റിക് സമുദ്രം കടക്കാനാവശ്യമായ ഇന്ധനം കൈയ്യിലുണ്ടായിരുന്നതിനാൽ സാധാരണ ലാൻഡിംഗ് ഭാരത്തേക്കാൾ 30 ടണ്ണോളം അധികഭാരത്തിലായിരുന്നു വിമാനം. തുടർന്ന് ഭാരം കുറയ്ക്കാനായി വെയിൽസിന് സമീപമുള്ള കടലിനു മുകളിലൂടെ മണിക്കൂറുകളോളം വട്ടമിട്ടു പറന്ന ശേഷം, വൈകുന്നേരം 5:02-ഓടെ ഹീത്രൂവിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
Comments ()