കാനഡയിൽ ലൈംഗികാതിക്രമ കേസിൽ മലയാളി അറസ്റ്റിൽ

അഞ്ച് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

കാനഡയിൽ ലൈംഗികാതിക്രമ കേസിൽ മലയാളി അറസ്റ്റിൽ

കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ എഡ്മന്റനിൽ ലൈംഗികാതിക്രമ കേസിൽ മലയാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എഡ്മന്റൻ സ്വദേശിയായ ജോസ് മാജോ പുലിക്കോട്ടിൽ (44) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 17-നാണ് കേസിന് ആസ്പദമായ ആദ്യ പരാതി പൊലീസിന് ലഭിച്ചത്. ഒരു പാർട്ടിക്കിടെ സമ്മതമില്ലാതെ ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് യുവതി നൽകിയ പരാതി.

തുടർന്ന് നടന്ന അന്വേഷണത്തിനിടെ മറ്റൊരു യുവതിയും പരാതിയുമായി മുന്നോട്ടുവന്നു. 2016-ൽ താൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായിരിക്കെ പ്രതിയിൽ നിന്ന് ആവർത്തിച്ചുള്ള ലൈംഗിക അതിക്രമങ്ങൾ നേരിടേണ്ടി വന്നതായാണ് ഈ പരാതി. അന്വേഷണത്തിന് ഒടുവിൽ കഴിഞ്ഞ ഒക്ടോബർ 19-നാണ് ജോസ് മാജോ പുലിക്കോട്ടിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ലൈംഗികാതിക്രമ കേസുകൾ, ലൈംഗിക ചൂഷണം, ലൈംഗിക സ്പർശനത്തിന് പ്രേരിപ്പിക്കൽ, പ്രായപൂർത്തിയാകാത്തയാളുമായുള്ള ലൈംഗിക ഇടപെടൽ എന്നീ അഞ്ച് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കർശന ഉപാധികളോടെയാണ് പ്രതിയെ പിന്നീട് വിട്ടയച്ചത്. പൊതു നീന്തൽക്കുളങ്ങൾ, സ്കൂളുകൾ, ഡേകെയർ കേന്ദ്രങ്ങൾ, കളിസ്ഥലങ്ങൾ, ലൈബ്രറികൾ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് പ്രതിയെ വിലക്കിയിട്ടുണ്ട്. തൊഴിൽപരമായ ആവശ്യങ്ങൾക്കല്ലാതെ 16 വയസ്സോ അതിൽ താഴെയോ പ്രായമുള്ള കുട്ടികളുമായി ഇടപഴകരുതെന്നും നിർദേശമുണ്ട്. പരാതിക്കാരുമായി ബന്ധപ്പെടുന്നതിനും തോക്കുകളോ മറ്റ് ആയുധങ്ങളോ കൈവശം വയ്ക്കുന്നതിനും കർശന വിലക്കുണ്ട്.

അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സമാനമായ അനുഭവങ്ങൾ നേരിട്ട കൂടുതൽ പരാതിക്കാർ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് എഡ്മന്റൻ പൊലീസിന്റെ നിഗമനം. ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളവർ 780-423-4567 എന്ന നമ്പറിലോ മൊബൈലിൽ നിന്ന് #377 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർഥിച്ചു. ഇരയായവർക്ക് പ്രാദേശിക സഹായ കേന്ദ്രങ്ങൾ വഴിയും പൊലീസിന്റെ ക്രൈം ആൻഡ് ട്രോമ ഇൻഫോംഡ് സപ്പോർട്ട് സർവീസസ് വഴിയും പിന്തുണ ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി.