'പ്രിയദർശിനി'ക്ക് പിന്നാലെ വരുമാനം ഇടിഞ്ഞെന്ന് ബസുടമകൾ; 30 സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിക്കുന്നു
യഥാർഥത്തിൽ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഉണ്ടായ ഇടിവാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് ബസ് ഉടമകൾ പറയുന്നത്. പ്രവർത്തനച്ചെലവുകൾ ഉയർന്ന സാഹചര്യത്തിൽ സർവീസ് നടത്തുന്നത് സാമ്പത്തികമായി പ്രയോജനകരമല്ലെന്നാണ് അവരുടെ വിലയിരുത്തൽ
കാക്കനാട്: എറണാകുളം ജില്ലയിലെ വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന 30ഓളം സ്വകാര്യ ബസുകൾ താൽക്കാലികമായി സർവീസ് അവസാനിപ്പിക്കുന്നതായി മോട്ടോർ വാഹന വകുപ്പിനെ അറിയിച്ചു. ഇതിനായി ആർടിഒയ്ക്ക് ‘ജി ഫോം’ നൽകിയിട്ടുണ്ടെങ്കിലും, രേഖകളിൽ അറ്റകുറ്റപ്പണിയെന്നാണ് കാരണം വ്യക്തമാക്കിയിരിക്കുന്നത്.
എന്നാൽ യഥാർഥത്തിൽ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഉണ്ടായ ഇടിവാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് ബസ് ഉടമകൾ പറയുന്നത്. പ്രവർത്തനച്ചെലവുകൾ ഉയർന്ന സാഹചര്യത്തിൽ സർവീസ് നടത്തുന്നത് സാമ്പത്തികമായി പ്രയോജനകരമല്ലെന്നാണ് അവരുടെ വിലയിരുത്തൽ.
കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ പദ്ധതിയിലൂടെ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാക്കിയതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുറഞ്ഞുവെന്നാണ് ബസുടമകളുടെ പ്രധാന പരാതി. ചില റൂട്ടുകളിൽ സ്ത്രീ യാത്രക്കാരാണ് പ്രധാന വരുമാനസ്രോതസ്സായിരുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഇന്ധനം, ജീവനക്കാരുടെ വേതനം, വാഹനപരിപാലനം എന്നിവ ഉൾപ്പെടെയുള്ള ചെലവുകൾ വർധിച്ച സാഹചര്യത്തിൽ നിലവിലെ വരുമാനം കൊണ്ട് സർവീസ് മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ലെന്നാണ് ഉടമകൾ പറയുന്നത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ ചില ബസുകൾ സർവീസ് പുനരാരംഭിക്കില്ലെന്നാണ് സൂചന.
Comments ()