എൽഐസിക്ക് 2,684 കോടിയുടെ നഷ്ടം; അനിൽ അംബാനിക്കെതിരെ സിബിഐ കേസ്

നിക്ഷേപത്തിനായി ലഭിച്ച പണം അനുവദിച്ച ആവശ്യങ്ങൾക്ക് പകരം മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റിയെന്നും ഇതിലൂടെ എൽഐസിക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്നും പരാതിയിൽ ആരോപിക്കുന്നു. ഫണ്ട് ദുരുപയോഗം, വഞ്ചന തുടങ്ങിയ ആരോപണങ്ങളും അന്വേഷണ പരിധിയിലുണ്ട്.

എൽഐസിക്ക് 2,684 കോടിയുടെ നഷ്ടം; അനിൽ അംബാനിക്കെതിരെ സിബിഐ കേസ്

ദില്ലി: റിലയൻസ് ക്യാപിറ്റലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ എൽഐസിക്ക് വൻ നഷ്ടമുണ്ടായെന്ന പരാതിയിൽ സിബിഐ അന്വേഷണം തുടങ്ങി. കമ്പനിയുടെ മുൻ ചെയർമാൻ അനിൽ അംബാനി, മുൻ മാനേജിങ് ഡയറക്ടർ സതീഷ് സേത്ത് എന്നിവർക്കെതിരെയാണ് കേസ്. ഏകദേശം 2,684 കോടി രൂപയുടെ നഷ്ടമാണ് എൽഐസി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

റിലയൻസ് ക്യാപിറ്റലിന്റെ കടപത്രങ്ങളിൽ എൽഐസി ഏകദേശം 3,900 കോടി രൂപ നിക്ഷേപിച്ചിരുന്നു. എന്നാൽ നിക്ഷേപിച്ച തുകയിൽ വലിയൊരു ഭാഗം പിന്നീട് തിരിച്ചുകിട്ടിയില്ലെന്നാണ് പരാതിയിലെ ആരോപണം. നിക്ഷേപവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും പണം കൈകാര്യം ചെയ്ത രീതിയിലും ക്രമക്കേട് നടന്നിട്ടുണ്ടോയെന്നാണ് അന്വേഷണത്തിന്റെ പ്രധാന ഭാഗം.

നിക്ഷേപത്തിനായി ലഭിച്ച പണം അനുവദിച്ച ആവശ്യങ്ങൾക്ക് പകരം മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റിയെന്നും ഇതിലൂടെ എൽഐസിക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്നും പരാതിയിൽ ആരോപിക്കുന്നു. ഫണ്ട് ദുരുപയോഗം, വഞ്ചന തുടങ്ങിയ ആരോപണങ്ങളും അന്വേഷണ പരിധിയിലുണ്ട്.

അനിൽ അംബാനിയുമായി ബന്ധപ്പെട്ട പരാതികളിൽ സിബിഐ നേരത്തെയും കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. പുതിയ കേസിന്റെ ഭാഗമായി റിലയൻസ് ക്യാപിറ്റലുമായി ബന്ധപ്പെട്ട സാമ്പത്തിക രേഖകളും ഇടപാടുകളും പരിശോധിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് സിബിഐയുടെ നീക്കം.