'ഇസ്രയേൽ സൈനിക നടപടികൾക്ക് തിരിച്ചടി നൽകാൻ ഫ്ലൈദുബായ് വിമാനം തകർക്കാൻ പദ്ധതി'; അന്വേഷണ റിപ്പോർട്ട്'
വിമാനം ടെൽഅവീവിലെ ബെൻ ഗുരിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇടിച്ചിറക്കുകയായിരുന്നു ഇയാളുടെ പ്രധാന ലക്ഷ്യമെന്നാണ് പുറത്തുവരുന്ന വിവരം
ദില്ലി: ഫ്ലൈദുബായ് വിമാനത്തിനുള്ളിൽ നടന്ന കോക്പിറ്റ് ആക്രമണത്തിന് പിന്നിൽ ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളോടുള്ള പ്രതികാരമെന്ന ലക്ഷ്യമുണ്ടായിരുന്നുവെന്ന് അന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ഇസ്രയേലി മാധ്യമമായ ‘വൈനെറ്റ്’ റിപ്പോർട്ട് ചെയ്തു. ഒമാൻ സ്വദേശിയായ കോ-പൈലറ്റ് ഹമാം അൽ ഹമ്മാമിയാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
വിമാനം ടെൽഅവീവിലെ ബെൻ ഗുരിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇടിച്ചിറക്കുകയായിരുന്നു ഇയാളുടെ പ്രധാന ലക്ഷ്യമെന്നാണ് പുറത്തുവരുന്ന വിവരം. അതിന് സാധിക്കാതെ വന്നാൽ ജോർദാനിലെ യു.എസ്. സൈനിക കേന്ദ്രം ലക്ഷ്യമിടാൻ മറ്റൊരു പദ്ധതിയും തയ്യാറാക്കിയിരുന്നതായി അന്വേഷണ വിവരങ്ങൾ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിന് മുൻപ് ഹമാമി ആക്രമണത്തിനായി ദീർഘകാലം തയ്യാറെടുത്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേലിലേക്കുള്ള വിമാനത്തിൽ പൈലറ്റായി എത്തുന്നതിനുള്ള സാഹചര്യം ഒരുക്കാൻ ശ്രമിച്ച ഇയാൾ ജൂണിൽ ഇസ്രയേൽ സന്ദർശിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയതായി മാധ്യമം റിപ്പോർട്ട് ചെയ്തു. ജൂലൈയിൽ ആക്രമണം നടത്താൻ ആലോചിച്ചിരുന്നെങ്കിലും ജീവനക്കാരിലൊരാളുമായുള്ള വ്യക്തിപരമായ ബന്ധത്തെ തുടർന്ന് അന്ന് പദ്ധതി ഉപേക്ഷിച്ചുവെന്നാണ് വിവരം.
വിമാനം യാത്രാമധ്യേ സാധാരണ പാതയിൽ സഞ്ചരിക്കുമ്പോഴാണ് ഹമാമി ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിച്ച് നിയന്ത്രണം മാറ്റാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. ബെൻ ഗുരിയോൺ ലക്ഷ്യമാക്കി വിമാനം തിരിച്ചുവിടാനുള്ള ശ്രമം ക്യാപ്റ്റൻ സ്മിത് മച്ചാർ തിരിച്ചറിഞ്ഞതോടെ കോക്പിറ്റിനുള്ളിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടി.
നിയന്ത്രണം കൈക്കലാക്കാനും ക്യാപ്റ്റനെ ആക്രമിക്കാനും ഹമാമി ശ്രമിച്ചെങ്കിലും മച്ചാർ ചെറുത്തുനിന്നു. സംഘർഷത്തിനിടെ കോക്പിറ്റ് വാതിൽ തുറക്കാൻ ക്യാപ്റ്റന് കഴിഞ്ഞതോടെ ജീവനക്കാരും യാത്രക്കാരും സംഭവസ്ഥലത്തെത്തി. തുടർന്ന് ഹമാമിയെ കീഴടക്കി നിയന്ത്രണത്തിലാക്കിയെന്നാണ് റിപ്പോർട്ട്.
ആക്രമണത്തിന്റെ ആസൂത്രണം, ഹമാമിയുടെ പശ്ചാത്തലം, ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നതടക്കമുള്ള കാര്യങ്ങളാണ് ഇപ്പോൾ പരിശോധിക്കുന്നത്. ഒറ്റയ്ക്കാണോ കൃത്യം ആസൂത്രണം ചെയ്തതെന്ന് സ്ഥിരീകരിക്കാൻ ആറ് രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളുമായി ചേർന്ന് അന്വേഷണം പുരോഗമിക്കുകയാണെന്നും ‘വൈനെറ്റ്’ റിപ്പോർട്ട് ചെയ്തു.
Comments ()