വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർധിപ്പിച്ചു; കേരളത്തിലും നിരക്ക് ഉയർന്നു

കേരളത്തിലും വില വര്‍ധിച്ചിട്ടുണ്ട്. തിരുവനന്തപുരം 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപ വര്‍ധിച്ച് 2,784 രൂപയായി

വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർധിപ്പിച്ചു; കേരളത്തിലും നിരക്ക് ഉയർന്നു

ന്യൂഡൽഹി: തുടർച്ചയായ രണ്ടു മാസത്തെ ആശ്വാസത്തിന് ശേഷം രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 9.50 രൂപ മുതൽ 11.50 രൂപ വരെയാണ് വിവിധ നഗരങ്ങളിൽ വർധന രേഖപ്പെടുത്തിയത്. പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ തലസ്ഥാനമായ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 2,747.50 രൂപയായി. കേരളത്തിലും വില വർധിച്ചിട്ടുണ്ട്; തിരുവനന്തപുരത്ത് 10 രൂപ ഉയർന്ന് സിലിണ്ടർ വില 2,784 രൂപയിലെത്തി.

ഏറ്റവും ഉയർന്ന വിലവർധനവ് രേഖപ്പെടുത്തിയത് കൊൽക്കത്തയിലാണ്—11.50 രൂപ വർധിച്ച് 2,884 രൂപയായി. അതേസമയം, രാജ്യത്ത് വാണിജ്യ എൽപിജിക്ക് ഏറ്റവും ഉയർന്ന നിരക്കുള്ളത് പട്നയിലാണ്. 11 രൂപ കൂടിയതോടെ ഇവിടെ ഒരു സിലിണ്ടറിന് 3,029 രൂപ നൽകണം.

പ്രധാന നഗരങ്ങളിലെ പുതിയ നിരക്കുകൾ:

  • മുംബൈ: ₹2,701 (₹9.50 വർധന)
  • ബെംഗളൂരു: ₹2,831 (₹10 വർധന)
  • ചെന്നൈ: ₹2,916.50 (₹10.50 വർധന)
  • ഭുവനേശ്വർ: ₹2,919 (₹11 വർധന)
  • ഹൈദരാബാദ്: ₹2,996 (₹11 വർധന)

ഡൽഹിക്ക് പുറമെ മുംബൈ, ഗുരുഗ്രാം, നോയിഡ, ചണ്ഡിഗഢ്, ലഖ്നൗ തുടങ്ങിയ നഗരങ്ങളിലും 9.50 രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഭുവനേശ്വർ, ഹൈദരാബാദ്, പട്ന എന്നിവിടങ്ങളിൽ നിരക്ക് 11 രൂപയിൽ അധികം ഉയർന്നു.