മേഘവിസ്ഫോടനമല്ല, ചെറിയ മേഖലയിൽ പെയ്ത അതിശക്ത മഴ; വ്യക്തമാക്കി ഐഎംഡി

മേഘവിസ്ഫോടനമായി കണക്കാക്കാനുള്ള തോതിലുള്ള മഴ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, പരിമിതമായ മേഖലകളിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യം കേരളത്തിൽ ആവർത്തിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി

മേഘവിസ്ഫോടനമല്ല, ചെറിയ മേഖലയിൽ പെയ്ത അതിശക്ത മഴ; വ്യക്തമാക്കി ഐഎംഡി

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ ദിവസം പലയിടത്തും പെട്ടെന്ന് ശക്തമായ മഴയും മലവെള്ളപ്പാച്ചിലും അനുഭവപ്പെട്ടതിന് പിന്നിൽ മേഘവിസ്ഫോടനമല്ലെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം. ചെറിയൊരു പ്രദേശത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ തോതിൽ മഴ ലഭിച്ചതാണ് പല സ്ഥലങ്ങളിലും പെട്ടെന്നുള്ള ജലനിരപ്പ് ഉയരാൻ കാരണമായതെന്ന് ഐഎംഡി തിരുവനന്തപുരം ഡയറക്ടർ നിത കെ. ഗോപാൽ വ്യക്തമാക്കി.

മേഘവിസ്ഫോടനമായി കണക്കാക്കാനുള്ള തോതിലുള്ള മഴ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, പരിമിതമായ മേഖലകളിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യം കേരളത്തിൽ ആവർത്തിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി. അന്തരീക്ഷത്തിലെ ഉയർന്ന താപനിലയും ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും നിലനിൽക്കുന്ന ന്യൂനമർദ സാഹചര്യങ്ങളുമാണ് സംസ്ഥാനത്ത് മഴയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ഘടകങ്ങളിലൊന്ന്.

ഇത്തരത്തിലുള്ള പ്രാദേശിക അതിശക്ത മഴ വരും ദിവസങ്ങളിലും ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. പ്രത്യേകിച്ച് മലയോര മേഖലകളിൽ പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിനും മറ്റ് മഴക്കെടുതികൾക്കും സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന് കാലാവസ്ഥാ കേന്ദ്രം നിർദേശിച്ചു. പൊതുജനങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങളും പ്രാദേശിക സാഹചര്യങ്ങൾ നിരീക്ഷിച്ച് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.

അതേസമയം, സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബർ 21ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും സെപ്റ്റംബർ 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 24ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് മഞ്ഞ അലർട്ട് നൽകിയിരിക്കുന്നത്.

മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. മഴയ്ക്കൊപ്പം മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.