സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും വധഭീഷണി; പൊലീസ് അന്വേഷണം ശക്തമാക്കി
തിങ്കളാഴ്ച ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെ (സിഎബി) കൊൽക്കത്തയിലെ ഓഫീസിലാണ് ഭീഷണിയടങ്ങിയ രണ്ട് കത്തുകൾ ലഭിച്ചത്. ഗാംഗുലിയെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും അപകടപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് കത്തുകളിലുള്ളതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്
കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും നേരെ വധഭീഷണി. തുടർച്ചയായി ലഭിച്ച ഭീഷണി സന്ദേശങ്ങൾക്ക് പിന്നാലെ ഗാംഗുലി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ച കൊൽക്കത്ത പൊലീസ് ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ ശക്തമാക്കി.
തിങ്കളാഴ്ച ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെ (സിഎബി) കൊൽക്കത്തയിലെ ഓഫീസിലാണ് ഭീഷണിയടങ്ങിയ രണ്ട് കത്തുകൾ ലഭിച്ചത്. ഗാംഗുലിയെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും അപകടപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് കത്തുകളിലുള്ളതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെയാണ് ദക്ഷിണ കൊൽക്കത്തയിലെ ഠാക്കൂർപുകുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
കഴിഞ്ഞ ആറുമാസത്തോളമായി ഗാംഗുലിയുടെ പേരിൽ സമാനമായ കത്തുകൾ ലഭിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ ആദ്യഘട്ടത്തിൽ ഇവയ്ക്ക് വലിയ പ്രാധാന്യം നൽകിയിരുന്നില്ല. തിങ്കളാഴ്ച ലഭിച്ച കത്തുകളിൽ നേരിട്ടുള്ള ഭീഷണി ഉണ്ടായതോടെയാണ് വിഷയം ഗൗരവമായി പരിഗണിച്ച് പൊലീസിനെ സമീപിച്ചത്.
കത്തുകളുടെ ഉറവിടം കണ്ടെത്തുന്നതിനായി കൊറിയർ സേവനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. കത്തുകൾ അയച്ച സ്ഥാപനം, അവ സഞ്ചരിച്ച വഴികൾ, ബന്ധപ്പെട്ട ജീവനക്കാർ എന്നിവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.
പ്രാഥമിക അന്വേഷണത്തിൽ വടക്കൻ 24 പർഗാനാസ് ജില്ലയിലെ ബെൽഘറിയയിൽ നിന്നാണ് കത്തുകൾ അയച്ചതെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഭീഷണി സന്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ചതായി കരുതുന്ന മൊബൈൽ നമ്പറും സിം കാർഡിന്റെ ലൊക്കേഷൻ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊറിയർ ഏജൻസിയിലെ ജീവനക്കാരെ ചോദ്യം ചെയ്തതായും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുന്നതായും പൊലീസ് അറിയിച്ചു.
ലഭിച്ച എല്ലാ കത്തുകൾക്കും പിന്നിൽ ഒരേ വ്യക്തിയാണോ എന്നതും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഭീഷണിക്ക് പിന്നിലെ ലക്ഷ്യം എന്താണെന്നും പ്രതികൾക്ക് ഗാംഗുലിയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.
പരാതി ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കൊൽക്കത്ത പൊലീസ് വ്യക്തമാക്കി.
Comments ()