"പനി എമർജൻസിയല്ല": രോഗിയോട് തട്ടിക്കയറിയ ഡോക്ടർക്ക് സ്ഥലംമാറ്റം; നടപടി ഡി.എം.ഒ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ അസിസ്റ്റൻ്റ് സർജൻ ഡോ. രേഖ കെ. കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റി.

"പനി എമർജൻസിയല്ല": രോഗിയോട് തട്ടിക്കയറിയ ഡോക്ടർക്ക് സ്ഥലംമാറ്റം; നടപടി ഡി.എം.ഒ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിയോടും കൂടെയുണ്ടായിരുന്നവരോടും മോശമായി പെരുമാറിയ അസിസ്റ്റന്റ് സർജൻ ഡോ. രേഖ കെ. കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് (PHC) സ്ഥലം മാറ്റി. രാത്രി കാഷ്വാലിറ്റി ഡ്യൂട്ടിക്കിടെ "പനിയും ശരീരവേദനയും എമർജൻസിയല്ല, പാതിരാത്രി കഴിഞ്ഞ് തുറന്നുവെച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടിക്കയറാനല്ല, ഇത് തോന്നിവാസമാണ്" എന്ന് ഡോക്ടർ കയർത്തു സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

തുടർന്ന് ഡോക്ടറോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിക്കുകയും ആരോഗ്യ വകുപ്പ് വിജിലൻസ് അന്വേഷണം നടത്തി കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. സംഭവത്തിൽ ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി സ്ഥിരീകരിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ (DMO) സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥലംമാറ്റ നടപടി സ്വീകരിച്ചത്. ഭാവിയിൽ ഇവർക്ക് തുടർച്ചയായി ഡേ-നൈറ്റ് ഡ്യൂട്ടികൾ നൽകരുതെന്നും ഡി.എം.ഒയുടെ റിപ്പോർട്ടിൽ പ്രത്യേക ശുപാർശയുണ്ട്.