'വൈഭവിനെ ഒഴിവാക്കിയത് വലിയ പിഴവ്'; ഗൗതം ഗംഭീറിന്റെ തീരുമാനത്തെ വിമർശിച്ച് ശ്രീകാന്ത്
ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ എടുത്ത തീരുമാനം യുവതാരത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്നതായിരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.
ഹരാരെ: സിംബാബ്‌വെക്കെതിരായ ആദ്യ ട്വന്റി20യിൽ വെറും 18 പന്തിൽ അർധസെഞ്ചുറി നേടി ശ്രദ്ധ നേടിയ വൈഭവ് സൂര്യവംശിയെ ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ ടീമിൽ നിന്ന് ഒഴിവാക്കിയ തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ നായകനും മുൻ മുഖ്യ സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്ത്. ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ എടുത്ത തീരുമാനം യുവതാരത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്നതായിരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 14, 13, 15 എന്നിങ്ങനെ ചെറിയ സ്കോറുകൾക്ക് പുറത്തായതിനെ തുടർന്ന് അവസാന ട്വന്റി20യിൽ വൈഭവിന് അവസരം നിഷേധിച്ചിരുന്നു. ആ മത്സരത്തിൽ സഞ്ജു സാംസണെയാണ് ഓപ്പണറാക്കിയത്. വെറും മൂന്ന് ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തിൽ 15-കാരനെ പുറത്തിരുത്തിയത് ശരിയായ സമീപനമല്ലായിരുന്നുവെന്ന് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ അഭിപ്രായപ്പെട്ടു.
വൈഭവ് സ്വാഭാവികമായി ആക്രമണാത്മക ശൈലിയിൽ കളിക്കുന്ന അപൂർവ പ്രതിഭയാണെന്നും അത്തരം താരങ്ങൾക്ക് തുടർച്ചയായ അവസരങ്ങൾ നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തിലെ പരാജയങ്ങൾ ചൂണ്ടിക്കാട്ടി ടീമിൽ നിന്ന് മാറ്റിനിർത്തുന്നത് യുവതാരങ്ങളുടെ ആത്മവിശ്വാസത്തെ തകർക്കുമെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.
ടീമിൽ നിന്ന് പുറത്തായ ശേഷവും വൈഭവ് പരിശീലനം തുടർന്നതിനെ അദ്ദേഹം പ്രശംസിച്ചു. രാജസ്ഥാൻ റോയൽസിന്റെ പരിശീലന ക്യാമ്പിൽ കഠിനാധ്വാനം നടത്തിയ താരം സിംബാബ്‌വെക്കെതിരായ ആദ്യ മത്സരത്തിൽ വെടിക്കെട്ട് അർധസെഞ്ചുറിയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. ഇതോടെ അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രായത്തിൽ അർധസെഞ്ചുറി നേടുന്ന താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കി.
Comments ()