ദുബായ് തീപിടിത്തം: അഭ്യൂഹങ്ങൾക്ക് വിരാമം; മിസൈൽ ആക്രമണമോ വൻ സ്ഫോടനമോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ

അജ്ഞാത സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെയും സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിലെയും വിവരങ്ങൾ ആശ്രയിച്ചാണ് ഇത്തരം പ്രചാരണങ്ങൾ നടന്നതെന്നും അധികൃതർ വ്യക്തമാക്കി

ദുബായ് തീപിടിത്തം: അഭ്യൂഹങ്ങൾക്ക് വിരാമം; മിസൈൽ ആക്രമണമോ വൻ സ്ഫോടനമോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ

ദുബായ്: ദുബായ് സൗത്ത് മേഖലയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച നിരവധി വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ദുബായ് അധികൃതർ വ്യക്തമാക്കി. തുറമുഖം, ഗ്യാസ് സംഭരണ കേന്ദ്രം എന്നിവിടങ്ങളിൽ വൻ സ്ഫോടനമോ മിസൈൽ-ഡ്രോൺ ആക്രമണമോ ഉണ്ടായെന്ന തരത്തിൽ പ്രചരിച്ച വിവരങ്ങൾ ഔദ്യോഗികമായി നിഷേധിച്ചു.

ദുബായ് മീഡിയ ഓഫീസ് പുറത്തിറക്കിയ വിശദീകരണത്തിൽ, ചൊവ്വാഴ്ച രാത്രി ദുബായ് സൗത്തിലെ ഒരു വർക്ക്‌ഷോപ്പിലാണ് തീപിടിത്തമുണ്ടായതെന്ന് അറിയിച്ചു. സംഭവത്തിൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന ഏതാനും ട്രക്കുകൾക്കും കാരവാനുകൾക്കും തീപിടിച്ചെങ്കിലും, സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതുപോലുള്ള വൻ ദുരന്തമൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുന്നതിന് മുമ്പേ പഴയ ദൃശ്യങ്ങളും കൃത്രിമ ബുദ്ധി (AI) ഉപയോഗിച്ച് സൃഷ്ടിച്ച വീഡിയോകളും പ്രചരിപ്പിച്ച് തെറ്റായ പ്രചാരണം നടന്നതായി അധികൃതർ ചൂണ്ടിക്കാട്ടി. തുടർച്ചയായ സ്ഫോടനങ്ങൾ, ഗ്യാസ് പ്ലാന്റിലെ തീപിടിത്തം, ഡ്രോൺ ആക്രമണം, ദൃശ്യങ്ങൾ പകർത്തിയവരെ അറസ്റ്റ് ചെയ്തു തുടങ്ങിയ നിരവധി അവകാശവാദങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നുവെന്നും അവയ്‌ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അറിയിച്ചു.

അജ്ഞാത സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെയും സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിലെയും വിവരങ്ങൾ ആശ്രയിച്ചാണ് ഇത്തരം പ്രചാരണങ്ങൾ നടന്നതെന്നും അധികൃതർ വ്യക്തമാക്കി. മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായോ സുരക്ഷാ വിഷയങ്ങളുമായോ ഈ തീപിടിത്തത്തിന് യാതൊരു ബന്ധവുമില്ലെന്നും, ഔദ്യോഗിക വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂവെന്നും ദുബായ് ഭരണകൂടം പൊതുജനങ്ങളോട് അഭ്യർഥിച്ചു.