നജ്‌റാനിലെ വാദി ഹറസ്; വേനൽച്ചൂടിൽ സഞ്ചാരികൾക്ക് കുളിരേകുന്ന പ്രകൃതിയുടെ ഇടം
ബദർ അൽ ജനൂബ് ഗവർണറേറ്റിന് കീഴിലുള്ള വാദി ഹറസ് നജ്‌റാൻ നഗരത്തിൽ നിന്ന് പടിഞ്ഞാറ് ഏകദേശം 70 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഉയർന്ന മലനിരകൾക്കിടയിലുള്ള പ്രദേശത്തെ താരതമ്യേന അനുകൂലമായ കാലാവസ്ഥയും സഞ്ചാരികൾക്ക് കൂടുതൽ ആശ്വാസം നൽകുന്നു.
റിയാദ്: സൗദി അറേബ്യയിലെ വേനൽക്കാല യാത്രകളിൽ ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രമായി മാറുകയാണ് നജ്‌റാൻ പ്രവിശ്യയിലെ വാദി ഹറസ്. പച്ചപ്പ് നിറഞ്ഞ താഴ്‌വരയും ചുറ്റുമുള്ള മലനിരകളും ചേർന്നൊരുക്കുന്ന പ്രകൃതിഭംഗിയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.
ബദർ അൽ ജനൂബ് ഗവർണറേറ്റിന് കീഴിലുള്ള വാദി ഹറസ് നജ്‌റാൻ നഗരത്തിൽ നിന്ന് പടിഞ്ഞാറ് ഏകദേശം 70 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഉയർന്ന മലനിരകൾക്കിടയിലുള്ള പ്രദേശത്തെ താരതമ്യേന അനുകൂലമായ കാലാവസ്ഥയും സഞ്ചാരികൾക്ക് കൂടുതൽ ആശ്വാസം നൽകുന്നു.
താഴ്‌വരയുടെ വിവിധ ഭാഗങ്ങളിൽ പച്ചപ്പുല്ലുകൾ വ്യാപിച്ചുകിടക്കുന്നതിന് പുറമെ തൽഹ്, സിദർ തുടങ്ങിയ തണൽമരങ്ങളും കാണാം. മലനിരകളും പച്ചപ്പും ചേർന്ന പ്രകൃതിദൃശ്യങ്ങൾ പ്രദേശത്തിന് പ്രത്യേക ആകർഷണം നൽകുന്നു.
കുടുംബങ്ങൾക്കും സാഹസിക യാത്രികർക്കും പ്രിയം
പ്രകൃതിയുടെ ശാന്തത ആസ്വദിക്കാനെത്തുന്ന കുടുംബങ്ങൾക്കും സാഹസിക വിനോദങ്ങൾ ഇഷ്ടപ്പെടുന്നവർക്കും വാദി ഹറസ് ഒരുപോലെ പ്രിയപ്പെട്ട ഇടമായി മാറിയിട്ടുണ്ട്. ക്യാമ്പിംഗ്, ട്രെക്കിംഗ്, ഫോട്ടോഗ്രഫി, പ്രകൃതിനിരീക്ഷണം തുടങ്ങിയവയ്ക്കുള്ള സാധ്യതകളാണ് പ്രധാന ആകർഷണം.
വേനൽക്കാലത്ത് നഗരത്തിലെ ചൂടിൽ നിന്ന് മാറി പ്രകൃതിയുടെ കുളിർമ ആസ്വദിക്കാൻ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. മലനിരകളുടെ പശ്ചാത്തലത്തിൽ പച്ചപ്പാർന്ന താഴ്‌വര ഒരുക്കുന്ന കാഴ്ചകളും സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.
Comments ()