പി.എസ്.സി പരീക്ഷാ വിവാദം; 10 ചോദ്യങ്ങളുടെ പുനർമൂല്യനിർണയം, മൂന്ന് നിയമനങ്ങൾ പ്രതിസന്ധിയിൽ
സംസ്ഥാന സർക്കാരിന് നയപരമായ നിർദേശങ്ങൾ നൽകുന്ന ആസൂത്രണ ബോർഡിലെ ഒരു ഒഴിവുള്ള ഉയർന്ന പദവിയിലേക്കുള്ള നിയമനത്തിലാണ് ക്രമക്കേട് നടന്നതെന്നാണ് ആരോപണം
തിരുവനന്തപുരം: പബ്ലിക് സർവീസ് കമ്മീഷന്റെ (പി.എസ്.സി) പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര ക്രമക്കേട് നടന്നെന്ന ആരോപണത്തെ തുടർന്ന് അന്വേഷണം ആരംഭിക്കാൻ നീക്കം. സംസ്ഥാന ആസൂത്രണ ബോർഡിലെ ഉന്നത തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട പരാതിയാണ് ഇന്ന് ചേരുന്ന പി.എസ്.സി യോഗത്തിൽ പ്രധാനമായി പരിഗണിക്കുക. സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കാനും ഇതിനകം നിയമനം ലഭിച്ച ഉദ്യോഗസ്ഥന് വിശദീകരണം തേടി നോട്ടീസ് നൽകാനും കമ്മീഷൻ ആലോചിക്കുന്നതായി സൂചനയുണ്ട്.
സംസ്ഥാന സർക്കാരിന് നയപരമായ നിർദേശങ്ങൾ നൽകുന്ന ആസൂത്രണ ബോർഡിലെ ഒരു ഒഴിവുള്ള ഉയർന്ന പദവിയിലേക്കുള്ള നിയമനത്തിലാണ് ക്രമക്കേട് നടന്നതെന്നാണ് ആരോപണം. എഴുത്തുപരീക്ഷയ്ക്ക് പിന്നാലെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് വെറും മൂന്ന് ആഴ്ചയ്ക്കുള്ളിൽ നിയമന ശുപാർശ നൽകിയിരുന്നു. എന്നാൽ പരീക്ഷയെഴുതിയ നിരവധി ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകളിൽ പത്ത് ഉത്തരങ്ങൾ വിലയിരുത്താതെയാണ് മാർക്ക് നൽകുകയും റാങ്ക് പട്ടിക തയ്യാറാക്കുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്. ഇതേ തുടർന്ന് മൂല്യനിർണയം നടക്കാതെ പോയ ഉത്തരങ്ങൾ വീണ്ടും പരിശോധിക്കാനുള്ള സാധ്യതയും പരിഗണനയിലുണ്ട്.
ഈ പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാ ചീഫ്, പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ്, പെർസ്പെക്റ്റീവ് പ്ലാനിങ് ചീഫ് എന്നീ മൂന്ന് തസ്തികകളിലേക്കും നിയമന നടപടികൾ നടത്തിയത്. അതിനാൽ അന്വേഷണഫലത്തെ ആശ്രയിച്ച് ഈ മൂന്ന് റാങ്ക് പട്ടികകളിലും മാറ്റം വരേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നാണ് വിലയിരുത്തൽ. ഇതിൽ രണ്ട് തസ്തികകളിലേക്കുള്ള നിയമനം ഇതിനകം പൂർത്തിയായിട്ടുണ്ട്.
അതേസമയം, പരീക്ഷാ മൂല്യനിർണയവുമായി ബന്ധപ്പെട്ട പരാതിയിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലും ഇടപെട്ടിട്ടുണ്ട്. വിവാദ നിയമനങ്ങൾ കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് ട്രിബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്. ആരോപണങ്ങൾ ഉയർന്നതോടെ കൂടുതൽ ഉദ്യോഗാർഥികൾ നിയമനടപടിക്കെതിരെ കോടതിയെ സമീപിച്ചതായും വിവരമുണ്ട്.
ഉദ്യോഗാർഥികളുടെ പരാതിപ്രകാരം, പരീക്ഷയിൽ ആകെ രണ്ട് ചോദ്യപേപ്പറുകളായിരുന്നു ഉണ്ടായിരുന്നത്. ഓരോന്നിനും 100 മാർക്ക് വീതമായിരുന്നു. രണ്ടാം ചോദ്യപേപ്പറിൽ 28 ചോദ്യങ്ങളുണ്ടായിരുന്നപ്പോൾ, ഒരു ഉദ്യോഗാർഥിയുടെ ഉത്തരക്കടലാസ് പരിശോധിച്ചപ്പോൾ ഒമ്പതാം ചോദ്യത്തിൽ നിന്ന് പത്തൊൻപതാം ചോദ്യവരെയുള്ള ഉത്തരങ്ങൾക്ക് മാർക്ക് രേഖപ്പെടുത്തിയിരുന്നില്ലെന്ന് കണ്ടെത്തി. ഇതോടെ 100 മാർക്കിൽ 58 മാർക്കിനുള്ള ഉത്തരങ്ങൾ വിലയിരുത്താതെയാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതെന്ന ഗുരുതര ആരോപണം ഉയർന്നിട്ടുണ്ട്. കൂടാതെ എഴുത്തുപരീക്ഷയിലെയും അഭിമുഖത്തിലെയും വ്യക്തിഗത മാർക്കുകൾ ഉദ്യോഗാർഥികൾക്ക് വെളിപ്പെടുത്താതെയാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Comments ()