ബലോഗന്റെ സസ്‌പെൻഷൻ പിൻവലിച്ച ഫിഫ തീരുമാനം വിവാദത്തിൽ; ബെൽജിയം നിയമനടപടിക്ക് ഒരുങ്ങുന്നു

ബോസ്‌നിയ ആൻഡ് ഹെർസഗോവിനയ്‌ക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചതിനെ തുടർന്ന് ബലോഗന് അടുത്ത മത്സരത്തിൽ സ്വാഭാവിക സസ്‌പെൻഷൻ ബാധകമായിരുന്നു. എന്നാൽ ഫിഫ ഡിസിപ്ലിനറി കോഡിലെ 27-ാം അനുച്ഛേദം പ്രകാരം വിലക്ക് പ്രൊബേഷണറി കാലയളവിലേക്ക് മാറ്റിവെച്ചതായി ഫിഫ പിന്നീട് അറിയിച്ചു

ബലോഗന്റെ സസ്‌പെൻഷൻ പിൻവലിച്ച ഫിഫ തീരുമാനം വിവാദത്തിൽ; ബെൽജിയം നിയമനടപടിക്ക് ഒരുങ്ങുന്നു

ന്യൂയോർക്ക്: ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടർ മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അമേരിക്കൻ താരം ഫോളറിൻ ബലോഗന്റെ ഒരു മത്സര വിലക്ക് പിൻവലിച്ച ഫിഫയുടെ തീരുമാനം വ്യാപക വിവാദത്തിന് വഴിവെച്ചു. ബെൽജിയത്തിനെതിരായ നിർണായക പോരാട്ടത്തിന് മുമ്പാണ് ബലോഗന് കളിക്കാൻ അനുമതി ലഭിച്ചത്.

ബോസ്‌നിയ ആൻഡ് ഹെർസഗോവിനയ്‌ക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചതിനെ തുടർന്ന് ബലോഗന് അടുത്ത മത്സരത്തിൽ സ്വാഭാവിക സസ്‌പെൻഷൻ ബാധകമായിരുന്നു. എന്നാൽ ഫിഫ ഡിസിപ്ലിനറി കോഡിലെ 27-ാം അനുച്ഛേദം പ്രകാരം വിലക്ക് പ്രൊബേഷണറി കാലയളവിലേക്ക് മാറ്റിവെച്ചതായി ഫിഫ പിന്നീട് അറിയിച്ചു. ഇതോടെയാണ് അമേരിക്കൻ സ്‌ട്രൈക്കർക്ക് പ്രീക്വാർട്ടറിൽ ഇറങ്ങാൻ വഴിയൊരുങ്ങിയത്.

ഈ തീരുമാനത്തിന്റെ സമയക്രമത്തിനെതിരെ മുൻ ഫ്രഞ്ച് താരം തിയറി ഹെൻറി രംഗത്തെത്തി. മത്സരം മുന്നിൽക്കണ്ട് ബെൽജിയം ബലോഗൻ ഇല്ലെന്ന കണക്കുകൂട്ടലിൽ തന്ത്രങ്ങൾ തയ്യാറാക്കിയിരിക്കാമെന്നും അവസാന നിമിഷത്തിലെ ഈ മാറ്റം എതിരാളികളുടെ ഒരുക്കങ്ങളെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബലോഗന് ലഭിച്ച ചുവപ്പ് കാർഡ് കടുത്ത ശിക്ഷ അർഹിക്കുന്നതായിരുന്നില്ലെന്ന നിലപാടും ഹെൻറി പങ്കുവെച്ചു.

അതേസമയം, ഫിഫയുടെ നടപടിയിൽ ശക്തമായ പ്രതിഷേധവുമായി റോയൽ ബെൽജിയൻ ഫുട്ബോൾ അസോസിയേഷൻ രംഗത്തെത്തി. ചുവപ്പ് കാർഡ് ലഭിക്കുന്ന താരത്തിന് അടുത്ത മത്സരത്തിൽ വിലക്ക് നിർബന്ധമാണെന്ന് ഫിഫയുടെ നിയമങ്ങൾ വ്യക്തമാക്കുന്ന സാഹചര്യത്തിൽ ബലോഗന് മാത്രം ഇളവ് അനുവദിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. വിഷയത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു.

ഇതിനിടെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെ തുടർന്നാണ് ഫിഫ തീരുമാനം മാറ്റിയതെന്ന ആരോപണങ്ങളും ഉയരുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ടൂർണമെന്റിൽ ഇതിനകം മൂന്ന് ഗോളുകൾ നേടിയ ബലോഗന്റെ സാന്നിധ്യം അമേരിക്കൻ ടീമിന് കരുത്താകുമ്പോൾ, ഫിഫയുടെ ഈ നീക്കം ലോകകപ്പിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.