അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ സാമ്പത്തിക ആരോപണം; സ്പോൺസർഷിപ്പ് ഇടപാടുകളിൽ എഫ്ബിഐ അന്വേഷണം

സ്പോൺസർഷിപ്പിലൂടെ ലഭിച്ച കോടിക്കണക്കിന് ഡോളർ അമേരിക്കൻ ബാങ്കുകൾ വഴി കള്ളപ്പണം വെളുപ്പിച്ചതായി ആരോപണം ഉയർന്നതിനെ തുടർന്ന് യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്

അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ സാമ്പത്തിക ആരോപണം; സ്പോൺസർഷിപ്പ് ഇടപാടുകളിൽ എഫ്ബിഐ അന്വേഷണം

ബ്യൂണസ് ഐറിസ്: അന്താരാഷ്ട്ര ഫുട്ബോൾ രംഗത്ത് പുതിയ വിവാദത്തിന് വഴിവെച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം. സ്പോൺസർഷിപ്പിലൂടെ ലഭിച്ച കോടിക്കണക്കിന് ഡോളർ അമേരിക്കൻ ബാങ്കുകൾ വഴി കള്ളപ്പണം വെളുപ്പിച്ചതായി ആരോപണം ഉയർന്നതിനെ തുടർന്ന് യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.

അർജന്റീനയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട നടപടികൾ ശക്തമായത്. ലോകകപ്പ് മത്സരങ്ങൾ പൂർത്തിയാക്കി ടീം നാട്ടിലേക്ക് മടങ്ങുന്നതിനിടെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയയെയും ട്രഷറർ പാബ്ലോ ടോവിഗിനോയെയും എഫ്ബിഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എയർപോർട്ടിലേക്ക് പോകുന്നതിനിടെ വിമാനത്താവള ബസിൽ വച്ചാണ് ഇരുവരെയും ഏകദേശം അരമണിക്കൂറോളം ചോദ്യം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ടാപിയയുടെ ഫോൺ പിടിച്ചെടുത്തതായും അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതായും ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ട 300 മില്യൺ ഡോളറിലധികം വരുന്ന വാണിജ്യ കരാറുകളും സ്പോൺസർഷിപ്പ് ഇടപാടുകളുമാണ് അന്വേഷണ പരിധിയിലുള്ളത്. അമേരിക്കൻ ബാങ്ക് അക്കൗണ്ടുകളിലൂടെ വലിയ തുകകൾ എത്തിയതായും പിന്നീട് അവ വേഗത്തിൽ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും ബാങ്ക് രേഖകളിൽ സൂചനകളുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ രംഗത്തെത്തി. പ്രസിഡന്റ് ക്ലോഡിയോ ടാപിയയ്ക്കോ ട്രഷറർ പാബ്ലോ ടോവിഗിനോയ്ക്കോ എതിരെ അമേരിക്കൻ കോടതിയിൽ ഹാജരാകാൻ സമൻസ് ലഭിച്ചിട്ടില്ലെന്നും അവരുടെ ഫോണുകളോ മറ്റ് ഉപകരണങ്ങളോ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടില്ലെന്നും എഎഫ്എ പ്രസ്താവനയിൽ വ്യക്തമാക്കി.