ഫ്രിഡ്ജിൽ നിന്ന് തീ പടർന്നു, വീടിന് തീപിടിച്ച് വൻ നഷ്ടം
ഫ്രിഡ്ജിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികമായി പറയുന്നത്. അടുക്കളയോട് ചേർന്ന സ്റ്റോക്ക് റൂമിൽനിന്ന് തീ പടർന്ന് വീടിന്റെ രണ്ട് മുറികളിലേക്കും മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു
മലപ്പുറം: വൈദ്യുതി ലൈനിൽ അമിത വോൾട്ടേജ് ഉണ്ടായതിന് പിന്നാലെ കുരിപ്പൊയിലിൽ വീടിന് തീപിടിച്ച് വൻ നാശനഷ്ടം. കുരിപ്പൊയിൽ സ്കൂളിന് സമീപം കുമാരമംഗലത്ത് സുബ്രഹ്മണ്യന്റെ വീടിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ വീടുപൂട്ടിയിട്ട സമയത്തായിരുന്നു അപകടം.
ഫ്രിഡ്ജിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികമായി പറയുന്നത്. അടുക്കളയോട് ചേർന്ന സ്റ്റോക്ക് റൂമിൽനിന്ന് തീ പടർന്ന് വീടിന്റെ രണ്ട് മുറികളിലേക്കും മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. മേൽക്കൂരയുൾപ്പെടെ വീടിന്റെ പകുതിയിലധികം ഭാഗം കത്തിനശിച്ചു.
അലമാര, ഫ്രിഡ്ജ്, വിവിധ ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവ പൂർണമായും കത്തി നശിച്ചു. മകന്റെ ചികിത്സയ്ക്കായി സൂക്ഷിച്ചിരുന്ന ഏകദേശം ഒരു ലക്ഷം രൂപയും രണ്ട് പവനോളം സ്വർണാഭരണങ്ങളും ചികിത്സാ രേഖകളും ഉൾപ്പെടെ നിരവധി പ്രധാന രേഖകളും തീയിൽപ്പെട്ടു. ആധാർ, പാൻ കാർഡ്, എസ്.എസ്.എൽ.സി ബുക്ക് തുടങ്ങിയ രേഖകളും നശിച്ചതായി വീട്ടുകാർ പറഞ്ഞു.
തീപിടിത്തത്തെ തുടർന്ന് വീടിന്റെ ചുമരുകൾക്ക് ഉൾപ്പെടെ കേടുപാടുകൾ സംഭവിച്ചതിനാൽ കെട്ടിടം നിലവിൽ താമസയോഗ്യമല്ലാത്ത നിലയിലാണ്.
അതേസമയം, സംഭവസമയത്ത് പ്രദേശത്ത് വൈദ്യുതി ലൈനിൽ അമിത വോൾട്ടേജ് ഉണ്ടായിരുന്നതായി നാട്ടുകാർ ആരോപിച്ചു. ലൈനിൽ അറ്റകുറ്റപ്പണികൾ നടന്നിരുന്നെന്നും തുടർന്ന് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചപ്പോഴാണ് അമിത വൈദ്യുതി പ്രവാഹമുണ്ടായതെന്നുമാണ് നാട്ടുകാരുടെ പറയുന്നത്.
തീപിടിത്തത്തിന് പിന്നാലെ സമീപത്തെ നിരവധി വീടുകളിലും വൈദ്യുതി ഉപകരണങ്ങൾക്കും വയറിങ് സംവിധാനങ്ങൾക്കും തകരാർ സംഭവിച്ചതായും നാട്ടുകാർ അറിയിച്ചു.
സുബ്രഹ്മണ്യൻ കൂലിത്തൊഴിലാളിയാണ്. ഭാര്യ രുഗ്മിണി ആശാ വർക്കറായി ജോലി ചെയ്യുന്നു.
Comments ()