സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തമാകാൻ സാധ്യതയുള്ളതിനാൽ അടുത്ത മൂന്ന് ദിവസം കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിൽ മധ്യ-പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി അതിതീവ്രമായി മാറി, സെപ്റ്റംബർ 23 രാത്രിയോ 24 പുലർച്ചെയോ വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിലൂടെ വടക്കൻ ആന്ധ്രാപ്രദേശ്–തെക്കൻ ഒഡീഷ തീരത്ത് കരതൊടാനാണ് സാധ്യത.
ഇതിന്റെ സ്വാധീനത്താൽ സെപ്റ്റംബർ 25 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും മണിക്കൂറിൽ 30–40 കി.മീ വേഗതയുള്ള കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 23) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസറഗോഡ് എന്നീ 7 ജില്ലകളിലും, 24-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും, 25-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ 8 ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള (24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ, അടുത്ത 3 മണിക്കൂറിൽ കോട്ടയം, ഇടുക്കി ജില്ലകളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
Comments ()