ഫോബ്‌സ് ഇന്ത്യ 2026: മുകേഷ് അംബാനിയെ വീഴ്ത്തി അദാനി ഒന്നാമത്; മലയാളികളിൽ മുത്തൂറ്റും യൂസഫലിയും മുന്നിൽ

ഫോബ്‌സ് മാസിക പുറത്തുവിട്ട 2026-ലെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും കുടുംബവും ഒന്നാം സ്ഥാനം നേടി.

ഫോബ്‌സ് ഇന്ത്യ 2026: മുകേഷ് അംബാനിയെ വീഴ്ത്തി അദാനി ഒന്നാമത്; മലയാളികളിൽ മുത്തൂറ്റും യൂസഫലിയും മുന്നിൽ

ഫോബ്‌സ് മാസിക പുറത്തുവിട്ട 2026-ലെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും കുടുംബവും ഒന്നാം സ്ഥാനം നേടി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളിയാണ് അദാനി ഈ നേട്ടം കൈവരിച്ചത്. പുതിയ കണക്കുകൾ പ്രകാരം 112.7 ബില്യൺ ഡോളറാണ് (ഏകദേശം 10.78 ലക്ഷം കോടി രൂപ) ഗൗതം അദാനിയുടെയും കുടുംബത്തിന്റെയും ആകെ ആസ്തി.

രണ്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്തി 86.3 ബില്യൺ ഡോളറാണ് (8.31 ലക്ഷം കോടി രൂപ). 39.8 ബില്യൺ ഡോളർ ആസ്തിയോടെ ഒ.പി. ജിൻഡാൾ ഗ്രൂപ്പ് മേധാവി സാവിത്രി ജിൻഡാലും കുടുംബവും പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയപ്പോൾ, ആഴ്‌സലർ മിത്തൽ മേധാവി ലക്ഷ്മി മിത്തൽ നാലാമതും ഭാരതി എയർടെലിന്റെ സുനിൽ മിത്തലും കുടുംബവും അഞ്ചാമതും തുടരുന്നു.

ദേശീയതലത്തിലെ ഈ മാറ്റങ്ങൾക്കൊപ്പം ശ്രദ്ധേയമായ മലയാളി സാന്നിധ്യവും ഫോബ്‌സ് പട്ടികയിലുണ്ട്. വ്യവസായ കുടുംബങ്ങളുടെ അടിസ്ഥാനത്തിൽ മുത്തൂറ്റ് ഫിനാൻസ് കുടുംബമാണ് മലയാളികളിൽ ഏറ്റവും മുന്നിൽ. അഖിലേന്ത്യാ തലത്തിൽ 24-ാം സ്ഥാനത്തുള്ള ഇവരുടെ ആകെ ആസ്തി 9.2 ബില്യൺ ഡോളറാണ് (ഏകദേശം 88,614 കോടി രൂപ). അതേസമയം, വ്യക്തിഗത ആസ്തിയിൽ മലയാളികളിൽ ഒന്നാമൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ്. സമഗ്ര പട്ടികയിൽ 47-ാം സ്ഥാനത്തുള്ള അദ്ദേഹത്തിന്റെ ആസ്തി 5.75 ബില്യൺ ഡോളറാണ് (55,400 കോടി രൂപ).

5.4 ബില്യൺ ഡോളർ (52,000 കോടി രൂപ) ആസ്തിയോടെ ഇന്ത്യയിൽ 52-ാം സ്ഥാനത്തുള്ള ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസാണ് മലയാളികളിൽ മൂന്നാം സ്ഥാനത്ത്. ഇവർക്ക് പുറമെ ആർ.പി. ഗ്രൂപ്പിന്റെ രവി പിള്ള (4.1 ബില്യൺ ഡോളർ), ജെംസ് എഡ്യൂക്കേഷൻ മേധാവി സണ്ണി വർക്കി (4 ബില്യൺ ഡോളർ), ശോഭാ ഗ്രൂപ്പ് സ്ഥാപകൻ പി.എൻ.സി. മേനോൻ (3.8 ബില്യൺ ഡോളർ), കല്യാൺ ജ്വല്ലേഴ്‌സിന്റെ ടി.എസ്. കല്യാണരാമൻ (3.55 ബില്യൺ ഡോളർ) എന്നിവരാണ് ഇന്ത്യയിലെ ആദ്യ 100 അതിസമ്പന്നരുടെ പട്ടികയിൽ ഇടംനേടിയ മറ്റ് പ്രമുഖ മലയാളികൾ.