ഇടുക്കിയിൽ നീലക്കുറിഞ്ഞി പറിച്ച് ഇൻസ്റ്റാഗ്രാമിൽ ഫോട്ടോഷൂട്ട്: കേസ് എടുക്കാൻ വനംവകുപ്പ്; യുവാക്കൾക്കായി തിരച്ചിൽ
ഫോട്ടോ പോസ്റ്റ് ചെയ്ത ആളെ കണ്ടെത്തി കേസെടുക്കും.
ഇടുക്കിയിൽ സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവത്തിൽ വനംവകുപ്പ് ശക്തമായ നടപടിയാരംഭിച്ചു. ഫോട്ടോ പോസ്റ്റ് ചെയ്ത കൊച്ചി, മൂന്നാർ സ്വദേശികളായ രണ്ട് യുവാക്കളെ കണ്ടെത്തി കേസെടുക്കാനായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തപ്പോൾത്തന്നെ സന്ദർശകർ പാലിക്കേണ്ട നിർദേശങ്ങളെക്കുറിച്ചും കർശന നിയന്ത്രണങ്ങളെക്കുറിച്ചും മാധ്യമങ്ങൾ വഴി വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതെല്ലാം ലംഘിച്ച്, നിയന്ത്രിത മേഖലയിലെത്തിയ യുവാക്കൾ പൂക്കൾ പറിച്ച് നടത്തിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്. അപൂർവവും സംരക്ഷിതവുമായ നീലക്കുറിഞ്ഞി പൂക്കൾ പറിക്കുന്നത് 25,000 രൂപ വരെ പിഴയും 3 വർഷം വരെ തടവും ലഭിക്കാവുന്ന ഗുരുതര കുറ്റമാണെന്നും സംഭവത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മൂന്നാർ ഡിഎഫ്ഒ വ്യക്തമാക്കി.
Comments ()