48ൽ നിന്ന് 64ലേക്ക്; ലോകകപ്പ് വിപുലീകരണത്തിന് ആലോചന, വമ്പൻ പ്രഖ്യാപനവുമായി ഫിഫ പ്രസിഡന്‍റ്

കൂടുതൽ രാജ്യങ്ങൾക്ക് ലോകകപ്പ് വേദിയിൽ അവസരം ലഭിക്കണമെന്നതാണ് ഫിഫയുടെ ലക്ഷ്യമെന്ന് ഇൻഫാന്റിനോ വ്യക്തമാക്കി

48ൽ നിന്ന് 64ലേക്ക്; ലോകകപ്പ് വിപുലീകരണത്തിന്  ആലോചന, വമ്പൻ പ്രഖ്യാപനവുമായി ഫിഫ പ്രസിഡന്‍റ്

ന്യൂയോർക്ക്: ഫിഫ ലോകകപ്പിന്റെ ഭാവി രൂപത്തെക്കുറിച്ച് പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. 2026 ലോകകപ്പിൽ 48 ടീമുകളുടെ ഫോർമാറ്റ് മികച്ച വിജയം നേടിയ പശ്ചാത്തലത്തിൽ, 2030-ലെ നൂറാം വാർഷിക ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 64 ആക്കുന്നതും പരിഗണനയിലാണെന്ന് അദ്ദേഹം അറിയിച്ചു.

കൂടുതൽ രാജ്യങ്ങൾക്ക് ലോകകപ്പ് വേദിയിൽ അവസരം ലഭിക്കണമെന്നതാണ് ഫിഫയുടെ ലക്ഷ്യമെന്ന് ഇൻഫാന്റിനോ വ്യക്തമാക്കി. ലോകകപ്പ് ഏതാനും ശക്തരായ ഫുട്ബോൾ രാജ്യങ്ങൾക്കുള്ള ടൂർണമെന്റല്ലെന്നും, ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സ്വപ്നവേദിയാണെന്നും അദ്ദേഹം പറഞ്ഞു.

48 ടീമുകളുടെ ഫോർമാറ്റ് മത്സരങ്ങളുടെ നിലവാരത്തിലും ആരാധക പങ്കാളിത്തത്തിലും മികച്ച ഫലം നൽകിയതായി വിലയിരുത്തിയ ഇൻഫാന്റിനോ, പുതിയ ഫോർമാറ്റിനെക്കുറിച്ചുള്ള അന്തിമ തീരുമാനം ഫിഫയുടെ ബന്ധപ്പെട്ട കമ്മിറ്റികളുടെ വിശദമായ ചർച്ചകൾക്കുശേഷമാകുമെന്ന് വ്യക്തമാക്കി.

അതേസമയം, 2026 ലോകകപ്പിൽ സെമിഫൈനൽ പോരാട്ടങ്ങൾക്ക് വേദിയൊരുങ്ങുകയാണ്. ലോക ചാമ്പ്യൻമാരായ അർജന്റീനയ്ക്കൊപ്പം ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട് ടീമുകളും അവസാന നാലിൽ ഇടംപിടിച്ചതോടെ കിരീടപ്പോരാട്ടം ആവേശകരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.