ഹാളണ്ട് തരംഗം പെറുവിലും; നൂറുകണക്കിന് കുഞ്ഞുങ്ങൾക്ക് സൂപ്പർതാരത്തിന്റെ പേര്
പെറുവിലെ നാഷണൽ രജിസ്ട്രി ഓഫ് ഐഡന്റിഫിക്കേഷൻ ആൻഡ് സിവിൽ സ്റ്റാറ്റസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്ത് 468 കുട്ടികൾക്ക് 'ഹാളണ്ട്' എന്ന പേരും 91 കുട്ടികൾക്ക് 'എർലിങ് ഹാളണ്ട്' എന്ന മുഴുവൻ പേരും ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്
ലിമ: ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിലൂടെ നോർവേൻ സൂപ്പർതാരം എർലിങ് ഹാളണ്ട് പെറുവിലും അപൂർവമായ ജനപ്രീതി സ്വന്തമാക്കി. താരത്തോടുള്ള ആരാധനയുടെ ഭാഗമായി നൂറുകണക്കിന് മാതാപിതാക്കളാണ് സ്വന്തം കുഞ്ഞുങ്ങൾക്ക് ഹാളണ്ടിന്റെ പേര് നൽകുന്നത്.
പെറുവിലെ നാഷണൽ രജിസ്ട്രി ഓഫ് ഐഡന്റിഫിക്കേഷൻ ആൻഡ് സിവിൽ സ്റ്റാറ്റസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്ത് 468 കുട്ടികൾക്ക് 'ഹാളണ്ട്' എന്ന പേരും 91 കുട്ടികൾക്ക് 'എർലിങ് ഹാളണ്ട്' എന്ന മുഴുവൻ പേരും ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫുട്ബോൾ താരത്തിന്റെ സ്വാധീനം രാജ്യാതിർത്തികൾ കടന്ന് കുടുംബങ്ങളിലേക്കും എത്തിയതിന്റെ തെളിവായാണ് ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത്.
ലോകകപ്പിൽ നോർവേയെ ശ്രദ്ധേയ മുന്നേറ്റത്തിലേക്ക് നയിച്ച ഹാളണ്ടിന്റെ പ്രകടനമാണ് ഈ ജനപ്രീതിക്ക് പിന്നിലെ പ്രധാന കാരണം. 28 വർഷത്തിന് ശേഷം നോർവേയെ ലോകകപ്പിലേക്ക് നയിച്ച താരം തന്റെ ആദ്യ ലോകകപ്പ് ടൂർണമെന്റിൽ തന്നെ ഏഴ് ഗോളുകൾ നേടി ശ്രദ്ധ പിടിച്ചുപറ്റി. പ്രീക്വാർട്ടറിൽ ബ്രസീലിനെതിരായ മത്സരത്തിൽ നേടിയ ഇരട്ടഗോളും ടീമിന്റെ ക്വാർട്ടർ ഫൈനൽ പ്രവേശനത്തിൽ നിർണായകമായി.
നോർവേയുടെ വിജയക്കുതിപ്പിനൊപ്പം പെറുവിൽ ഹാളണ്ടിന്റെ പേരിന് ലഭിച്ച സ്വീകാര്യതയും വർധിച്ചതായി അധികൃതർ പറയുന്നു. ഫുട്ബോൾ താരങ്ങളുടെ പേരുകൾ കുഞ്ഞുങ്ങൾക്ക് നൽകുന്ന പതിവ് പെറുവിൽ നേരത്തേയും ഉണ്ടായിരുന്നുവെങ്കിലും, ഈ ലോകകപ്പിന് പിന്നാലെ ഹാളണ്ടിന്റെ പേരിനാണ് ഏറ്റവും കൂടുതൽ പ്രചാരം ലഭിച്ചതെന്ന് സിവിൽ രജിസ്ട്രി അധികൃതർ വ്യക്തമാക്കി.
അതേസമയം, ലോകകപ്പിൽ നോർവേയുടെ യാത്ര അവസാനിച്ചെങ്കിലും രാജ്യത്തെ ഫുട്ബോളിന്റെ ഭാവിയെക്കുറിച്ച് ഹാളണ്ട് പ്രതീക്ഷ പ്രകടിപ്പിച്ചു. വലിയ ടൂർണമെന്റുകളിൽ സ്ഥിര സാന്നിധ്യമായി മാറാൻ നോർവേയ്ക്ക് കഴിയുമെന്നും, ദേശീയ ടീമിന്റെ നേട്ടങ്ങൾ പുതിയ തലമുറയിലെ ഫുട്ബോൾ താരങ്ങൾക്ക് പ്രചോദനമാകുമെന്നും 25കാരനായ താരം അഭിപ്രായപ്പെട്ടു.
Comments ()