കനത്ത മഴയും ഇടിമിന്നലും; ഫ്രാൻസ്-ഇറാഖ് മത്സരം മണിക്കൂറുകളോളം തടസപ്പെട്ടു
മത്സരത്തിന് മുൻപേ നഗരത്തിൽ മോശം കാലാവസ്ഥയ്ക്കും വെള്ളപ്പൊക്ക സാധ്യതയ്ക്കും മുന്നറിയിപ്പ് നൽകിയിരുന്നു. കളി പുരോഗമിക്കുന്നതിനിടെ മഴ ശക്തമാവുകയും ഇടിമിന്നൽ ഭീഷണി ഉയരുകയും ചെയ്തതോടെ സംഘാടകർ അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു
ഫിലഡൽഫിയ: ഫിഫ ലോകകപ്പിൽ ഫ്രാൻസും ഇറാഖും തമ്മിലുള്ള മത്സരം കനത്ത മഴയും ഇടിമിന്നലും മൂലം ദീർഘനേരം തടസപ്പെട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ആദ്യ പകുതിക്ക് ശേഷം കളി താൽക്കാലികമായി നിർത്തിവെക്കുകയും പിന്നീട് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് പുനരാരംഭിക്കുകയും ചെയ്തത്.
മത്സരത്തിന് മുൻപേ നഗരത്തിൽ മോശം കാലാവസ്ഥയ്ക്കും വെള്ളപ്പൊക്ക സാധ്യതയ്ക്കും മുന്നറിയിപ്പ് നൽകിയിരുന്നു. കളി പുരോഗമിക്കുന്നതിനിടെ മഴ ശക്തമാവുകയും ഇടിമിന്നൽ ഭീഷണി ഉയരുകയും ചെയ്തതോടെ സംഘാടകർ അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു.
കളി നിർത്തിവെച്ച സമയത്ത് എംബാപ്പെയുടെ ഗോളിൽ ഫ്രാൻസ് മുന്നിലായിരുന്നു. അമേരിക്കയിലെ കായികമത്സരങ്ങൾക്ക് ബാധകമായ സുരക്ഷാ ചട്ടങ്ങൾ പ്രകാരം സ്റ്റേഡിയത്തിന് സമീപം മിന്നൽ സാന്നിധ്യം കണ്ടെത്തിയാൽ മത്സരം ഉടൻ നിർത്തേണ്ടതുണ്ട്. ഇതനുസരിച്ച് താരങ്ങളെയും ഉദ്യോഗസ്ഥരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
അവസാനമായി മിന്നൽ രേഖപ്പെടുത്തിയതിന് ശേഷം കുറഞ്ഞത് 30 മിനിറ്റ് പുതിയ ഇടിമിന്നൽ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് മത്സരം വീണ്ടും ആരംഭിക്കാൻ അനുമതി നൽകിയത്. കാലാവസ്ഥാ വെല്ലുവിളികൾ കാരണം ലോകകപ്പ് വേദിയിൽ അപൂർവമായി മാത്രം കാണുന്ന സാഹചര്യമാണ് ഫിലഡൽഫിയയിൽ അരങ്ങേറിയത്.
Comments ()