രാജ്യത്തെ ടയർ-2 നഗരങ്ങളിൽ ഭവന ആവശ്യകത വർധിക്കുന്നു; വീടുകളുടെ വില കുതിച്ചുയരുന്നു

ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ വിശാലമായ വീടുകൾ സ്വന്തമാക്കുന്നതിനുമുള്ള താൽപര്യം വർധിച്ചതോടെ പുതിയ പ്രോജക്ടുകളിൽ 75 ശതമാനത്തിലധികവും 2 BHK, 3 BHK വിഭാഗങ്ങളിലാണുള്ളത്

രാജ്യത്തെ ടയർ-2 നഗരങ്ങളിൽ ഭവന ആവശ്യകത വർധിക്കുന്നു; വീടുകളുടെ വില കുതിച്ചുയരുന്നു

മെട്രോ നഗരങ്ങൾക്ക് പുറമെ ടയർ-2 നഗരങ്ങളിലേക്കുള്ള ഭവന ആവശ്യകത കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗണ്യമായി ഉയർന്നതായി ക്രിസിൽ ഇന്റലിജൻസിന്റെ (CRISIL Intelligence) പഠന റിപ്പോർട്ട്. കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ തുടങ്ങിയ നഗരങ്ങളും ഈ വളർച്ചയുടെ ഭാഗമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മൊത്തത്തിൽ ടയർ-2 നഗരങ്ങളിലെ ഭവന ആവശ്യകതയിൽ വാർഷികാടിസ്ഥാനത്തിൽ 14 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ വിശാലമായ വീടുകൾ സ്വന്തമാക്കുന്നതിനുമുള്ള താൽപര്യം വർധിച്ചതോടെ പുതിയ പ്രോജക്ടുകളിൽ 75 ശതമാനത്തിലധികവും 2 BHK, 3 BHK വിഭാഗങ്ങളിലാണുള്ളത്. ഇതിന്റെ സ്വാധീനത്തിൽ ഭുവനേശ്വർ, ഇൻഡോർ, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളിൽ ശരാശരി വീടിന്റെ വില ഒരു കോടി രൂപ പിന്നിട്ടതായി റിപ്പോർട്ടിൽ പറയുന്നു.

ഇൻഡോർ, ലഖ്‌നൗ, സൂററ്റ് എന്നിവിടങ്ങളിൽ പ്രീമിയം ഭവനങ്ങളുടെ വിഹിതം ഗണ്യമായി ഉയർന്നിട്ടുണ്ട്. ഈ നഗരങ്ങളിലെ ലഭ്യമായ വീടുകളിൽ 20 ശതമാനത്തിലധികവും രണ്ട് കോടി രൂപയ്ക്ക് മുകളിലുള്ളവയാണ്. ഐടി മേഖലയുടെ വളർച്ചയും പുതിയ സംരംഭകരുടെ വർധനയും ഉയർന്ന നിലവാരമുള്ള ഭവനങ്ങളുടെ ആവശ്യകത വർധിപ്പിച്ചതായി റിപ്പോർട്ട് വിലയിരുത്തുന്നു.

അതേസമയം, ഭുവനേശ്വർ, കോയമ്പത്തൂർ, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളിൽ ചതുരശ്ര അടിക്ക് വീടുകളുടെ ശരാശരി വില 10,000 രൂപയ്ക്ക് മുകളിലെത്തിയതോടെ ടയർ-1 നഗരങ്ങളുമായി താരതമ്യം ചെയ്യാവുന്ന വില നിലവാരമാണ് രൂപപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും എല്ലാ ടയർ-2 നഗരങ്ങളിലും സമാനമായ തോതിൽ വില വർധന ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

2020 മുതൽ 2025 വരെയുള്ള കാലയളവിൽ റീട്ടെയിൽ ഹോം ലോണുകളുടെ വിതരണം 15 ശതമാനത്തിലധികം വർധിച്ചു. ഇൻഡോർ, നാഗ്പൂർ, ജയ്പൂർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയത്. സൂററ്റ്, വഡോദര, ഭുവനേശ്വർ, നാസിക് എന്നിവിടങ്ങളിൽ പുതിയ അപ്പാർട്ടുമെന്റുകൾ വാങ്ങാനാണ് കൂടുതൽ പേർ വായ്പയെടുക്കുന്നത്.

മറുവശത്ത്, ഇൻഡോർ, കോയമ്പത്തൂർ, ജയ്പൂർ, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളിൽ സ്വന്തമായി വീട് നിർമിക്കൽ, പഴയ വീടുകളുടെ നവീകരണം, റീസെയിൽ വീടുകൾ വാങ്ങൽ എന്നിവയ്ക്കാണ് ഭവന വായ്പകൾ കൂടുതൽ വിനിയോഗിക്കപ്പെടുന്നത്.

വീടുകളുടെ വില തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ നിക്ഷേപം നടത്തുകയോ വീട് വാങ്ങുകയോ ചെയ്യുന്നതിന് മുമ്പ് ബജറ്റ്, വിപണി സാഹചര്യം, ഡെവലപ്പറുടെ വിശ്വാസ്യത, ഭാവിയിലെ മൂല്യവർധന സാധ്യത എന്നിവ വിശദമായി പരിശോധിക്കണമെന്ന് ക്രിസിൽ ഇന്റലിജൻസ് റിപ്പോർട്ട് നിർദേശിക്കുന്നു.