ഇൻഫ്ലുവൻസർ മാർക്കറ്റിംഗും ദുബൈ റിയൽ എസ്റ്റേറ്റും
പേർളിമാണിയുടെ ഫ്ലാറ്റും ഇൻഫ്ലുവൻസർ മാർക്കറ്റിംഗും എന്ന വിഷയത്തിൽ പെർസെപ്ഷൻ ആർക്കിടെക്റ്റ് ഷിഹാബ് കെ കെ എഴുതിയ ലേഖനം.
സമകാലിക ഉല്പന്ന വിപണന തന്ത്രങ്ങളിൽ ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് പേളി മാണിയും ശ്രീനിഷും ദുബായ് സൗത്തിൽ നന്മ പ്രോപ്പർട്ടീസിന്റെ ഫ്ലാറ്റ് വാങ്ങുന്നു എന്ന് പ്രഖ്യാപിക്കുന്ന പുതിയ അടിപൊളി വീഡിയോ. ഒരു പെർസെപ്ഷൻ ആർക്കിടെക്റ്റ് എന്ന നിലയിൽ, ഈ ക്യാമ്പയിനെ വിലയിരുത്തുമ്പോൾ ഇതൊരു സാധാരണ പരസ്യമല്ല, മറിച്ച് വളരെ ബുദ്ധിപൂർവ്വം തയ്യാറാക്കിയ ഒരു ബ്രാൻഡ് സ്ട്രാറ്റജി തന്നെയാണെന്ന് മനസ്സിലാക്കാം.
ഒരു കോർപ്പറേറ്റ് വീഡിയോയുടെ ഔദ്യോഗികതകൾ എല്ലാം ഒഴിവാക്കി, തികച്ചും സ്വാഭാവികമായ ഹൃദയസ്പർശിയായ ഒരു വ്ലോഗ് ശൈലിയിലാണ് ഈ വീഡിയോയിലുടനീളം ചിത്രീകരിച്ചിരിക്കുന്നത്. പ്രിയപ്പെട്ട താരങ്ങൾ അവരുടെ ജീവിതത്തിലെ ഒരു വലിയ സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ സന്തോഷം പ്രേക്ഷകരുമായി പങ്കുവെക്കുമ്പോൾ, അവർ തിരഞ്ഞെടുത്ത ബ്രാൻഡിനോടുള്ള വിശ്വാസ്യതയും കൂടി സ്വാഭാവികമായി വർദ്ധിക്കുന്നു. മൂന്ന് വർഷമായി തങ്ങൾക്ക് നന്മ പ്രോപ്പർട്ടീസുമായി ബന്ധമുണ്ടെന്ന് വീഡിയോയുടെ തുടക്കത്തിൽ തന്നെ സൂചിപ്പിക്കുന്നത് ഈ വിശ്വാസ്യത ഊട്ടിഉറപ്പിക്കാനുള്ള ഒരു മികച്ച തന്ത്രമാണ്. 'ഓതന്റിസിറ്റി ആൻഡ് ട്രസ്റ്റ് ആങ്കറിംഗ്' എന്നാണ് ഇത് അറിയപ്പെടുക. ഇത്തരം വീഡിയോകൾ "പെയ്ഡ് പ്രൊമോഷൻ ആണ്" എന്ന പ്രേക്ഷകരുടെ മുൻവിധിയെ, തകർക്കാൻ "ഇതൊരു യഥാർത്ഥ അനുഭവമാണ്" എന്ന വിശ്വാസത്തിലേക്ക് മാറ്റിയെടുക്കാൻ ഓതന്റിസിറ്റി മാർക്കറ്റിംഗ് തന്നെയാണ് കേരളത്തിലെ പരസ്യവിപണിയിൽ അധികമാളുകളും ഉപയോഗിക്കുന്ന വർത്തമാനകാല ശൈലി.
വസ്തുവിന്റെ സാങ്കേതിക വിവരങ്ങളേക്കാൾ, അത് നൽകുന്ന ജീവിതനിലവാരത്തിനാണ് വീഡിയോയിൽ പ്രധാന്യം നൽകിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാൻ പോകുന്ന അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട്, എക്സ്പോ സിറ്റി തുടങ്ങിയവയ്ക്ക് സമീപമാണ് തന്റെ ഫ്ലാറ്റ് എന്ന് എടുത്തുകാണിക്കുന്നത് ഭാവിയിലെ സാധ്യതകളെക്കുറിച്ച് നിക്ഷേപകർക്ക് വലിയ പ്രതീക്ഷ നൽകുന്നു. കൂടാതെ, വീഡിയോയുടെ അവസാനം ദുബായിൽ ഞങ്ങളുടെ അയൽക്കാരാകാൻ താല്പര്യമുണ്ടോ എന്നുള്ള ചോദ്യം പ്രേക്ഷകരുമായി നേരിട്ടുള്ള ഒരു വൈകാരിക ബന്ധം സ്ഥാപിക്കാൻ സഹായിക്കുന്ന കൃത്യമായ ഒരു കാൾ-ടു-ആക്ഷൻ ആണ്.
പേർളി എന്ന ബ്രാന്റ് ദുബൈയിലെത്തുമ്പോൾ സംഭവിച്ചത്
ഒരു ഫ്ലാറ്റ് വാങ്ങുന്നതിനെക്കുറിച്ചുള്ള വീഡിയോ ആയിരുന്നിട്ടും, ഫ്ലാറ്റിന്റെ വിലയോ മറ്റ് സാമ്പത്തിക വിവരങ്ങളോ വിശദമായി പരാമർശിച്ചിട്ടില്ല. ഇതൊരു ന്യൂനതയായി തോന്നാമെങ്കിലും, ഒരു അഡ്വർടൈസിംഗ് കൺസൾട്ടന്റ് എന്ന നിലയിൽ നോക്കുമ്പോൾ ഇതൊരു കൃത്യമായ ലീഡ് ജനറേഷൻ സ്ട്രാറ്റജിയാണ്. എല്ലാ വിവരങ്ങളും നൽകുന്നതിന് പകരം, കാഴ്ചക്കാരിൽ കൗതുകം ജനിപ്പിച്ച് അത്യാവശ്യമായ കാര്യങ്ങൾ മാത്രം പറഞ്ഞ് അവരെക്കൊണ്ട് നേരിട്ട് കമ്പനിയെ ബന്ധപ്പെടാൻ പ്രേരിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വില മാത്രം ആദ്യം തന്നെ കേട്ട് പിന്തിരിയാൻ സാധ്യതയുള്ള ഉപഭോക്താക്കളെക്കൂടി കമ്പനിയുമായി സംസാരിക്കാൻ ഇത് അവസരമൊരുക്കുന്നു.

ഈ ക്യാമ്പയിൻ വലിയ രീതിയിൽ ജനശ്രദ്ധ ആകർഷിക്കുമെങ്കിലും, ഒരു ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ് എന്ന നിലയിൽ ശ്രദ്ധിച്ച ചില പോരായ്മകൾ ഉണ്ട്. താരങ്ങളുടെ വ്യക്തിപ്രഭാവം ഏറെ വലുതായതുകൊണ്ട്, നന്മ പ്രോപ്പർട്ടീസ് എന്ന ബ്രാൻഡിനേക്കാൾ കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നത് പേളി മാണിയെയും ശ്രീനിഷിനെയുമാകാം. ഇതൊരു ബ്രാൻഡ് ഓവർഷാഡോവിങ് അവസ്ഥ സൃഷ്ടിക്കും. പ്രൊജക്റ്റിന്റെ സവിശേഷതകൾ താരങ്ങളുടെ നിഴലിലായിപ്പോകാനുള്ള സാധ്യതകൾ ഏറെയാണ്. അതുകൊണ്ട് തന്നെ കുന്നുക്കണക്കിന് ലീഡ് ലഭിച്ചാലും ക്വാളിറ്റി ലീഡ് എന്നത് തുച്ഛമായിരിക്കും. കൂടാതെ, അടിസ്ഥാന വിവരങ്ങൾ വീഡിയോയിൽ ഇല്ലാത്തതിനാൽ, വില്പന പൂർണ്ണമാകണമെങ്കിൽ കൃത്യമായ ഫോളോ-അപ്പ് പരസ്യങ്ങൾ കൂടി നൽകേണ്ടത് അത്യാവശ്യമാണ്. അതിലൂടെമാത്രമാണ് കച്ചവടം പൂർത്തീകരിക്കാൻ കഴിയുക.

സമൂഹമാധ്യമങ്ങളുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്ന ഒരു മികച്ച പെർസെപ്ഷൻ മാനേജ്മെന്റ് രീതിയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പരമ്പരാഗത മാർക്കറ്റിംഗ് രീതികളിൽ നിന്ന് മാറി, ആളുകളിൽ വളരെ വേഗത്തിൽ ബ്രാൻഡ് അവബോധവും ഉൽപ്പന്നത്തെ കൃത്യമായി ആളുകളിൽ എത്തിക്കുന്നതിലും ഒരു പരിതിവരെ ഈ ക്യാമ്പയിൻ പൂർണ്ണമായും വിജയിച്ചിരിക്കുന്നു. റിയൽ എസ്റ്റേറ്റ് പോലെയുള്ള വലിയ നിക്ഷേപങ്ങൾ ആവശ്യമുള്ള മേഖലകളിൽ വൈകാരികതയെ എങ്ങനെ ബിസിനസ്സുമായി ബന്ധിപ്പിക്കാം എന്നതിന്റെ മികച്ചൊരു പാഠം കൂടിയാണിത്.
ലേഖകൻ : ഷിഹാബ് കെ കെ ( ബ്രാന്റ് സ്ട്രാറ്റജിസ്റ്റും, പെർസെപ്ഷൻ ആർക്കിടെക്ടുമാണ്) Bio - Click Here
Comments ()