ഇന്ത്യൻ ഹോക്കി ടീമിന് ഇനി കാവി ജേഴ്‌സി; നിറമാറ്റത്തിൽ വിവാദം, വിശദീകരണവുമായി ഹോക്കി ഇന്ത്യ

മുൻ ഇന്ത്യൻ നായകൻ വിരേൻ റാസ്‌കിന്ഹ ഉൾപ്പെടെയുള്ളവർ, ടീമിന്റെ പാരമ്പര്യവും വ്യക്തിത്വവും അടയാളപ്പെടുത്തുന്ന നീല നിറം മാറ്റിയത് നിരാശാജനകമാണെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഹോക്കിയുടെ ചരിത്രവുമായി ബന്ധപ്പെട്ട നിറം ഒഴിവാക്കുന്നത് ശരിയായ തീരുമാനമല്ലെന്നാണ് അവരുടെ നിലപാട്.

ഇന്ത്യൻ ഹോക്കി ടീമിന് ഇനി കാവി ജേഴ്‌സി; നിറമാറ്റത്തിൽ വിവാദം, വിശദീകരണവുമായി ഹോക്കി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്റെ പുതിയ ജേഴ്‌സിയുടെ നിറം കാവിയാക്കാനുള്ള തീരുമാനത്തെ ചൊല്ലി വലിയ ചർച്ചകൾ ഉയരുന്നു. വർഷങ്ങളായി ഇന്ത്യൻ ഹോക്കിയുടെ പ്രതീകമായി മാറിയിരുന്ന നീല ജേഴ്‌സിക്ക് പകരം കാവി നിറം അവതരിപ്പിച്ചതിനെതിരെ മുൻ താരങ്ങളും ആരാധകരും വിമർശനവുമായി രംഗത്തെത്തി.

മുൻ ഇന്ത്യൻ നായകൻ വിരേൻ റാസ്‌കിന്ഹ ഉൾപ്പെടെയുള്ളവർ, ടീമിന്റെ പാരമ്പര്യവും വ്യക്തിത്വവും അടയാളപ്പെടുത്തുന്ന നീല നിറം മാറ്റിയത് നിരാശാജനകമാണെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഹോക്കിയുടെ ചരിത്രവുമായി ബന്ധപ്പെട്ട നിറം ഒഴിവാക്കുന്നത് ശരിയായ തീരുമാനമല്ലെന്നാണ് അവരുടെ നിലപാട്.

വിവാദം ശക്തമായതോടെ ഹോക്കി ഇന്ത്യ തീരുമാനത്തിന് പിന്നിലെ കാരണം വിശദീകരിച്ചു. കളിക്കാർ, പരിശീലകർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരുമായി നടത്തിയ ചർച്ചകൾക്കും അവരുടെ നിർദേശങ്ങൾക്കും ശേഷമാണ് പുതിയ ജേഴ്‌സി അന്തിമമാക്കിയതെന്ന് ഫെഡറേഷൻ അറിയിച്ചു.

നിലവിൽ ഉപയോഗിക്കുന്ന അന്താരാഷ്ട്ര ഹോക്കി ടർഫുകളുടെ ഭൂരിഭാഗവും നീല നിറത്തിലുള്ളതായതിനാൽ, അതേ നിറത്തിലുള്ള ജേഴ്‌സി ധരിക്കുന്നത് കളിക്കാരെ തിരിച്ചറിയുന്നതിൽ ബുദ്ധിമുട്ട് സൃഷ്ടിക്കാമെന്നാണ് ഫെഡറേഷന്റെ വിശദീകരണം. ഈ സാങ്കേതിക പ്രശ്നം ഒഴിവാക്കുന്നതിനായാണ് ബദൽ നിറങ്ങൾ പരിഗണിച്ചതെന്നും അവർ വ്യക്തമാക്കി.

മഞ്ഞ ഉൾപ്പെടെ വിവിധ നിറങ്ങൾ പരിശോധിച്ച ശേഷമാണ് കാവി തിരഞ്ഞെടുക്കപ്പെട്ടത്. സാങ്കേതിക ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ദേശീയ പതാകയിലെ പ്രധാന നിറങ്ങളിലൊന്നായ കാവി ധൈര്യത്തെയും ദേശീയ അഭിമാനത്തെയും പ്രതിനിധീകരിക്കുന്നതിനാലാണ് അന്തിമ തീരുമാനം എടുത്തതെന്നും ഹോക്കി ഇന്ത്യ അറിയിച്ചു. പുതിയ ജേഴ്‌സി സംബന്ധിച്ച തീരുമാനം കായികരംഗത്തും ആരാധകർക്കിടയിലും ഇപ്പോഴും ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.