സൗദിയിലെത്തി മൂന്നാം ദിവസം മരണം; മോർച്ചറിയിൽ അനാഥമായി കിടന്ന യുവാവിന്റെ മൃതദേഹം ഒടുവിൽ ഖബറടക്കി

ജൂലൈ 18ന് തൊഴിൽ വിസയിൽ സൗദിയിലെത്തിയ മുസ്തഫ മൂന്ന് ദിവസത്തിന് ശേഷം മരണപ്പെടുകയായിരുന്നു. മരണത്തിൽ സംശയം ഉയർന്നതിനെ തുടർന്ന് പൊലീസ് മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു

സൗദിയിലെത്തി മൂന്നാം ദിവസം മരണം; മോർച്ചറിയിൽ അനാഥമായി കിടന്ന യുവാവിന്റെ മൃതദേഹം ഒടുവിൽ ഖബറടക്കി

റിയാദ്: സൗദി അറേബ്യയിലെ മോർച്ചറിയിൽ ബന്ധുക്കളെത്താതെ അനാഥമായി കിടന്ന ഇന്ത്യക്കാരന്റെ മൃതദേഹം കെഎംസിസി വെൽഫെയർ വിങ്ങിന്റെ ഇടപെടലിനെ തുടർന്ന് സംസ്കരിച്ചു. ഉത്തർപ്രദേശ് ദിയോറിയ സ്വദേശി ഗുലാം മുസ്തഫ (35) ആണ് മരിച്ചത്.

ജൂലൈ 18ന് തൊഴിൽ വിസയിൽ സൗദിയിലെത്തിയ മുസ്തഫ മൂന്ന് ദിവസത്തിന് ശേഷം മരണപ്പെടുകയായിരുന്നു. മരണത്തിൽ സംശയം ഉയർന്നതിനെ തുടർന്ന് പൊലീസ് മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ബന്ധുക്കളെയോ പരിചയക്കാരെയോ കണ്ടെത്താനാകാതെ വന്നതോടെ ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ വിഷയം എത്തുകയായിരുന്നു.

തുടർന്ന് ജൂലൈ 30ന് എംബസി വിവരം റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ്ങിന് കൈമാറി. പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെ ബന്ധുക്കളെ കണ്ടെത്തുകയും ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുകയും ചെയ്തു. ഓഗസ്റ്റ് ആറിന് ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ നടപടികൾ വേഗത്തിലാക്കി.

അൽ രാജ്ഹി പള്ളിയിൽ മയ്യിത്ത് നമസ്കാരം നടത്തിയ ശേഷം നസീം മഖ്ബറയിലാണ് മൃതദേഹം ഖബറടക്കിയത്. വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാട് ഉൾപ്പെടെയുള്ള പ്രവർത്തകരാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.