ഫ്ലൈ ദുബായ് വിമാനം വെടിവെച്ചിടാൻ ഇസ്രയേൽ യുദ്ധവിമാനങ്ങൾ സജ്ജമായിരുന്നു, റിപ്പോർട്ട്
അമേരിക്കൻ മാധ്യമമായ സിബിഎസ് ന്യൂസാണ് സംഭവത്തിന് പിന്നാലെ ഇസ്രയേൽ സൈന്യം നടത്തിയ അടിയന്തര നീക്കങ്ങൾ പുറത്തുവിട്ടത്
ടെൽ അവീവ്: കോക്ക്പിറ്റിലുണ്ടായ ആക്രമണത്തെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായ ഫ്ലൈ ദുബായ് വിമാനം ടെൽ അവീവിലേക്ക് തിരിഞ്ഞിരുന്നെങ്കിൽ വെടിവെച്ചിടാനുള്ള തയ്യാറെടുപ്പുമായി ഇസ്രയേൽ സൈന്യം രംഗത്തെത്തിയിരുന്നതായി റിപ്പോർട്ട്. അമേരിക്കൻ മാധ്യമമായ സിബിഎസ് ന്യൂസാണ് സംഭവത്തിന് പിന്നാലെ ഇസ്രയേൽ സൈന്യം നടത്തിയ അടിയന്തര നീക്കങ്ങൾ പുറത്തുവിട്ടത്.
സെപ്റ്റംബർ 30ന് ദുബായിൽനിന്ന് ഇസ്രയേലിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് ഗുരുതരമായ സംഭവം ഉണ്ടായത്. ഒമാൻ സ്വദേശിയായ സഹപൈലറ്റ് ഹമാം അൽ ഹമ്മാമി ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കോക്ക്പിറ്റിൽ ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം കൈവശപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നാലെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വിമാനം ഏകദേശം 16,000 അടി താഴേക്ക് പതിച്ചതാണ് ഇസ്രയേൽ പ്രതിരോധ സംവിധാനങ്ങളിൽ മുന്നറിയിപ്പിന് കാരണമായത്. വിമാനം റാഞ്ചപ്പെട്ടതാകാമെന്നും ഇസ്രയേലിനെ ലക്ഷ്യമിട്ടുള്ള ആക്രമണമാകാമെന്നും സംശയിച്ചാണ് സൈന്യം അടിയന്തര നടപടികൾ ആരംഭിച്ചത്.
കോക്ക്പിറ്റുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾക്ക് മറുപടി ലഭിക്കാതായതോടെ ഇസ്രയേൽ സൈന്യം കമാൻഡ് സെന്റർ ഉൾപ്പെടെയുള്ള അടിയന്തര സംവിധാനങ്ങൾ സജ്ജമാക്കി. മുൻകരുതലായി രാജ്യത്തെ വ്യോമപാത അടയ്ക്കുകയും യുദ്ധവിമാനങ്ങൾ പറന്നുയരുകയും ചെയ്തു. വിമാനത്തിന്റെ ദിശ സൗദി അറേബ്യയിലേക്കാണെന്ന് വ്യക്തമായതോടെ ഇസ്രയേൽ യുദ്ധവിമാനങ്ങളെ തിരിച്ചുവിളിച്ചു. അതേസമയം, സാഹചര്യം വിലയിരുത്തുന്നതിനായി സൗദി അറേബ്യയും യുദ്ധവിമാനങ്ങൾ അയച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
വിമാനം ടെൽ അവീവിലേക്ക് തന്നെ നീങ്ങിയിരുന്നെങ്കിൽ നഗരത്തിലെ ബെൻ ഗുറിയോൺ വിമാനത്താവളം, അസ്രിയേലി സെന്റർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾക്ക് ഭീഷണിയാകാതിരിക്കാൻ വിമാനം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് വെടിവെച്ചിടാനായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ നീക്കമെന്നാണ് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഫ്ലൈ ദുബായ് വിമാനത്തിന് സമീപമെത്തി കോക്ക്പിറ്റിലെ സാഹചര്യം നിരീക്ഷിക്കാനും യുദ്ധവിമാന പൈലറ്റുമാർ ശ്രമിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. വിമാനം വെടിവെച്ചിടാനുള്ള അന്തിമ അനുമതി നൽകേണ്ടത് അന്നത്തെ ഇസ്രയേൽ പ്രധാനമന്ത്രിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തെ തുടർന്ന് യുഎഇ അന്വേഷണം നടത്തി, സഹപൈലറ്റിന്റെ നടപടി ഭീകരാക്രമണശ്രമമായിരുന്നുവെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.
Comments ()