വിവാഹത്തിന് മുമ്പ് എച്ച്‌ഐവി പരിശോധന വേണം; വൈദിക ട്രസ്റ്റിയുടെ പ്രസ്താവന തള്ളി മാർത്തോമ്മാ സഭ
18നും 35നും ഇടയിൽ പ്രായമുള്ളവരിൽ എച്ച്‌ഐവി ബാധ വർധിക്കുന്നതായുള്ള റിപ്പോർട്ടുകൾ അടുത്തിടെ കർണാടകയിൽ പുറത്തുവന്നിരുന്നു. 18 മുതൽ 25 വയസ്സുവരെയുള്ള 7,000ലേറെ വിദ്യാർഥികൾക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.
കൊച്ചി: വിവാഹത്തിന് മുമ്പ് എച്ച്‌ഐവി പരിശോധന നടത്തണമെന്ന മാർത്തോമ്മാ സഭ വൈദിക ട്രസ്റ്റി ഡോ. കെ. തോമസിന്റെ പ്രസ്താവന വിവാദത്തിൽ. സഭയിൽ നടക്കുന്ന വിവാഹങ്ങൾക്ക് മുമ്പ് ഇത്തരം പരിശോധന നിർബന്ധമാക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് കെ. തോമസ് പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ അഭിപ്രായം മാർത്തോമ്മാ സഭ തള്ളി.
കർണാടകയിലെ കോളജുകളിൽ എച്ച്‌ഐവി പരിശോധനയും കൗൺസലിങ്ങും നടത്താനുള്ള സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കെ. തോമസിന്റെ പ്രതികരണം. സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളിലും പരിശോധനകൾ നടത്തുന്നതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, മാർത്തോമ്മാ സഭയിൽ നടക്കുന്ന വിവാഹങ്ങൾക്കും വിവാഹത്തിന് മുമ്പുള്ള എച്ച്‌ഐവി പരിശോധന പരിഗണിക്കണമെന്ന നിലപാടാണ് പ്രകടിപ്പിച്ചത്.
18നും 35നും ഇടയിൽ പ്രായമുള്ളവരിൽ എച്ച്‌ഐവി ബാധ വർധിക്കുന്നതായുള്ള റിപ്പോർട്ടുകൾ അടുത്തിടെ കർണാടകയിൽ പുറത്തുവന്നിരുന്നു. 18 മുതൽ 25 വയസ്സുവരെയുള്ള 7,000ലേറെ വിദ്യാർഥികൾക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.
ഇതിനെ തുടർന്ന് കർണാടക സ്റ്റേറ്റ് എയ്ഡ്‌സ് പ്രിവൻഷൻ സൊസൈറ്റിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ-എയ്ഡഡ്-സ്വകാര്യ കോളജുകളിൽ എച്ച്‌ഐവി പരിശോധനയും ബോധവൽക്കരണ, കൗൺസലിങ് ക്യാമ്പുകളും നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഈ നടപടികളെ പരാമർശിച്ചുകൊണ്ടാണ് കെ. തോമസ് വിവാഹത്തിന് മുമ്പുള്ള എച്ച്‌ഐവി പരിശോധനയെക്കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കിയത്. എന്നാൽ ഇത്തരം പരിശോധന വിവാഹത്തിന് മുന്നോടിയായി നിർബന്ധമാക്കണമെന്ന നിലപാട് സഭയുടേതല്ലെന്ന് മാർത്തോമ്മാ സഭ വ്യക്തമാക്കി.
വിവാഹവുമായി ബന്ധപ്പെട്ട ആരോഗ്യ പരിശോധനകളെക്കുറിച്ചുള്ള കെ. തോമസിന്റെ വ്യക്തിപരമായ അഭിപ്രായം സഭയുടെ ഔദ്യോഗിക നിലപാടായി കാണേണ്ടതില്ലെന്നും സഭയുടെ പ്രതികരണത്തോടെ വ്യക്തമാകുന്നു.
Comments ()