ബ്രസീല്‍ - ഇന്ത്യ ലെജന്‍ഡ്സ് മത്സരം: കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ബ്രസീൽ-ഇന്ത്യ ലെജൻഡ്സ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
കൊച്ചി ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് നടക്കാനിരിക്കുന്ന ബ്രസീൽ ലെജൻഡ്സും ഇന്ത്യ ലെജൻഡ്സും തമ്മിലുള്ള ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കൊച്ചി സിറ്റി ട്രാഫിക് പോലീസ് വിപുലമായ ഗതാഗത ക്രമീകരണങ്ങളും റൂട്ട് മാറ്റങ്ങളും ഏർപ്പെടുത്തി. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കാണികളുമായി വരുന്ന ഹെവി വാഹനങ്ങൾക്ക് നഗരത്തിനുള്ളിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. കൂടാതെ, മത്സരത്തിനെത്തുന്നവർ വാഹനങ്ങൾ നിശ്ചിത കേന്ദ്രങ്ങളിൽ സുരക്ഷിതമായി പാർക്ക് ചെയ്ത ശേഷം മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി വേണം സ്റ്റേഡിയത്തിലെത്താൻ.
വിവിധ പ്രദേശങ്ങളിൽ നിന്ന് വരുന്ന കാണികൾക്കായി പ്രത്യേകം പാർക്കിംഗ് നിർദേശങ്ങൾ പോലീസ് നൽകിയിട്ടുണ്ട്. പശ്ചിമകൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽ നിന്നുള്ളവർ ചാത്യാത്ത് റോഡിലും, പറവൂർ, തൃശ്ശൂർ, മലപ്പുറം മേഖലകളിൽ നിന്നുള്ളവർ ആലുവ ഭാഗത്തോ കണ്ടെയ്നർ റോഡരികിലോ ഗതാഗതത്തിന് തടസ്സമില്ലാതെ വാഹനങ്ങൾ പാർക്ക് ചെയ്യണം. ഇടുക്കി, കോട്ടയം, പെരുമ്പാവൂർ ഭാഗങ്ങളിൽ നിന്നുള്ളവർ തൃപ്പൂണിത്തുറ, കാക്കനാട് മേഖലകളിലും, ആലപ്പുഴ ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ നിന്നുള്ളവർ കുണ്ടന്നൂർ, വൈറ്റില ഭാഗങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം പൊതുഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് സ്റ്റേഡിയത്തിലേക്ക് എത്തേണ്ടതാണ്.
വൈകിട്ട് 3:00 മണിക്ക് ശേഷം നഗരത്തിൽ പ്രധാന റൂട്ട് മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. എറണാകുളത്തു നിന്ന് ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാർ കലൂർ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പൊറ്റക്കുഴി-മാമംഗലം റോഡ്, ബി.ടി.എസ് റോഡ്, എളമക്കര റോഡ് വഴി ഇടപ്പള്ളിയിലെത്തി യാത്ര തുടരണം. അതേസമയം ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകേണ്ട വാഹനങ്ങൾ വൈറ്റില ജംഗ്ഷൻ, എസ്.എ റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണെന്നും പോലീസ് വ്യക്തമാക്കി.
Comments ()