തൂഫാൻ ഇനി രണ്ടാം ഘട്ടത്തിലേക്ക്; സെപ്റ്റംബർ 28ന് തുടക്കമെന്ന് മന്ത്രി രമേശ് ചെന്നിത്തല

തൂഫാൻ പദ്ധതിയുടെ ഭാഗമായി ഇതുവരെ 10,918 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മലപ്പുറം എംഡിഎംഎ കേസിൽ എസ്.പി. ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ നാല് പേരെ കൂടി പിടികൂടിയതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി

തൂഫാൻ ഇനി രണ്ടാം ഘട്ടത്തിലേക്ക്; സെപ്റ്റംബർ 28ന് തുടക്കമെന്ന് മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തർസംസ്ഥാന ലഹരി ശൃംഖലകൾക്കെതിരായ അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ‘തൂഫാൻ ആന്റി നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം’ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പുതിയ അന്വേഷണ സംഘത്തിന്റെ പ്രവർത്തനം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.

തൂഫാൻ പദ്ധതിയുടെ ഭാഗമായി ഇതുവരെ 10,918 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മലപ്പുറം എംഡിഎംഎ കേസിൽ എസ്.പി. ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ നാല് പേരെ കൂടി പിടികൂടിയതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. ഗുജറാത്തിൽ നിന്നും ചെന്നൈയിൽ നിന്നുമാണ് പുതിയതായി പിടിയിലായവരെ കസ്റ്റഡിയിലെടുത്തത്. ഡൽഹി, ബംഗാൾ, നോയിഡ എന്നിവിടങ്ങളിലേക്ക് ലഹരി എത്തിച്ചതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും ലഹരിക്കടത്തിന് സാമ്പത്തിക സഹായം നൽകിയവരെ കണ്ടെത്തുന്നതിനുള്ള പരിശോധന തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.

തൂഫാൻ പദ്ധതിയുടെ രണ്ടാം ഘട്ടം സെപ്റ്റംബർ 28ന് ആരംഭിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. അതേസമയം, റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും മന്ത്രി മറുപടി നൽകി. അന്വേഷണത്തിൽ ആഭ്യന്തര മന്ത്രി ഇടപെട്ടിട്ടില്ലെന്നും ആരെയും അറസ്റ്റ് ചെയ്യാൻ നിർദേശം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ചാനലിന്റെ സംപ്രേക്ഷണം ഒരു ഘട്ടത്തിലും തടസ്സപ്പെടുത്തിയിട്ടില്ലെന്നും നിയമവിരുദ്ധമായ നടപടികളൊന്നും കേരള പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. മാധ്യമപ്രവർത്തകർക്ക് നിർഭയമായി പ്രവർത്തിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.