മൃഗശാല മാറ്റണം; നെയ്യാർ ഡാം അനുയോജ്യമെന്ന് കെ. മുരളീധരൻ, പിന്തുണയുമായി സിപി ജോണും
നഗരമേഖലയിൽ മൃഗശാല പ്രവർത്തിക്കുന്നത് മൃഗങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമാണെന്ന് സി.പി. ജോൺ അഭിപ്രായപ്പെട്ടു. നഗരത്തിലെ ശബ്ദമലിനീകരണം മൃഗങ്ങളെ ബാധിക്കുന്നുണ്ടെന്നും ഇതുകൂടി പരിഗണിച്ചാണ് മാറ്റം ആലോചിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാല മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമാകുന്നതിനിടെ പദ്ധതിക്ക് പിന്തുണയുമായി മന്ത്രി കെ. മുരളീധരനും സി.പി. ജോണും. നെയ്യാർ ഡാം പരിസരമാണ് പുതിയ മൃഗശാലയ്ക്കായി പരിഗണിക്കേണ്ടതെന്നും വിഷയത്തിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും കെ. മുരളീധരൻ പറഞ്ഞു. മൃഗശാല മാറ്റിയാലും തലസ്ഥാന നഗരത്തിന്റെ പ്രാധാന്യത്തിന് കുറവുണ്ടാകില്ലെന്നും പദ്ധതി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരമേഖലയിൽ മൃഗശാല പ്രവർത്തിക്കുന്നത് മൃഗങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമാണെന്ന് സി.പി. ജോൺ അഭിപ്രായപ്പെട്ടു. നഗരത്തിലെ ശബ്ദമലിനീകരണം മൃഗങ്ങളെ ബാധിക്കുന്നുണ്ടെന്നും ഇതുകൂടി പരിഗണിച്ചാണ് മാറ്റം ആലോചിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തൃശ്ശൂരിൽ മൃഗശാല മാറ്റിയപ്പോഴുണ്ടായ സാഹചര്യങ്ങളും ചർച്ചയിൽ ഉയർത്തിക്കാട്ടിയ കെ. മുരളീധരൻ, മൃഗശാല മാറ്റവുമായി ബന്ധപ്പെട്ട് ഉയരുന്ന കച്ചവട താൽപര്യ ആരോപണങ്ങളെ തള്ളി.
ചികിത്സാ പിഴവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മന്ത്രി പ്രതികരിച്ചു. എല്ലാ ചികിത്സാ വീഴ്ചകളെയും ഒരേ രീതിയിൽ കാണുന്നത് ഡോക്ടർമാരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും എന്നാൽ യഥാർഥ ചികിത്സാ പിഴവ് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണക്കേസിൽ അഡ്വക്കേറ്റ് ജനറലുമായി ചർച്ച നടത്തിയതായും മന്ത്രി വ്യക്തമാക്കി. കുറ്റപത്രം സമർപ്പിക്കാനുള്ള സമയപരിധി ഉൾപ്പെടെയുള്ള നിയമപരമായ വിഷയങ്ങളാണ് ചർച്ച ചെയ്തതെന്നും വിഷയത്തിൽ സർക്കാർ വെറുതെ നോക്കിനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവിങ് ലൈസൻസ് പരീക്ഷയിലെ പുതിയ ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റുമായി ബന്ധപ്പെട്ട് ഡ്രൈവിങ് സ്കൂൾ പ്രതിനിധികളുമായി ചർച്ച നടത്തുമെന്നും അവരുടെ ആശങ്കകൾ കേൾക്കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിൽ ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് ഡിസംബർ 1 മുതൽ നടപ്പാക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.
Comments ()