പിഎംശ്രീ വിവാദം വീണ്ടും ചൂടുപിടിക്കുന്നു; പുതിയ തീരുമാനമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഫണ്ടുകൾക്ക് പുറമെ സമഗ്ര ശിക്ഷ കേരള (എസ്.എസ്.കെ) ഫണ്ട് ലഭിക്കുന്നതിന് പി.എം. ശ്രീ പദ്ധതിയിൽ പങ്കാളിയാകണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിലപാട്

പിഎംശ്രീ വിവാദം വീണ്ടും ചൂടുപിടിക്കുന്നു; പുതിയ തീരുമാനമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട്: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിലവിൽ പുതിയ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുന്ന പക്ഷം എല്ലാവരെയും അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പി.എം. ശ്രീയെ ചൊല്ലി യുഡിഎഫിലും കോൺഗ്രസിലും യൂത്ത് ലീഗിലും ഉയരുന്ന വിമർശനങ്ങൾക്കിടെയാണ് മന്ത്രിയുടെ പ്രതികരണം.

കേന്ദ്രസർക്കാർ കേരളം പി.എം. ശ്രീ പദ്ധതിയിൽ തുടരണമെന്നാവശ്യപ്പെട്ട് വീണ്ടും കത്തയച്ചതോടെയാണ് വിഷയം വീണ്ടും സജീവ ചർച്ചയായത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഫണ്ടുകൾക്ക് പുറമെ സമഗ്ര ശിക്ഷ കേരള (എസ്.എസ്.കെ) ഫണ്ട് ലഭിക്കുന്നതിന് പി.എം. ശ്രീ പദ്ധതിയിൽ പങ്കാളിയാകണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിലപാട്.

ദില്ലിയിൽ എസ്.എസ്.കെ ഡയറക്ടറുമായി നടത്തിയ കൂടിക്കാഴ്ചയിലും കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ഇക്കാര്യം ആവർത്തിച്ചതായാണ് വിവരം. ഇതോടെ പദ്ധതിയിൽ സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ട തുടർനടപടികൾ വീണ്ടും രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

അതേസമയം, പി.എം. ശ്രീ നടപ്പാക്കുന്നതിനെതിരെ യൂത്ത് ലീഗ് ശക്തമായ നിലപാട് ആവർത്തിച്ചു. ജനവികാരത്തിന് വിരുദ്ധമായ തീരുമാനമാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ അതിനെതിരെ പ്രതികരിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങൾ വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ച സർക്കാരുകൾ ജനവികാരത്തിനൊപ്പമല്ലെങ്കിൽ അതിനെതിരെ ജനങ്ങൾ പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് കേരളം പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത്. അന്ന് പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം നടത്തിയവരിൽ യൂത്ത് ലീഗും ഉണ്ടായിരുന്നു. നിലവിൽ വിഷയത്തിൽ സർക്കാർ ഉപസമിതിയെ നിയോഗിച്ച് തുടർ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.

യുഡിഎഫിനുള്ളിലും പി.എം. ശ്രീയെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങൾ ശക്തമാകുന്നതിനിടെയാണ് സർക്കാരിന് മുന്നിലുള്ള തീരുമാനം കൂടുതൽ സങ്കീർണമാകുന്നത്. ജനങ്ങളുടെ താൽപര്യത്തിന് വിരുദ്ധമായ നിലപാട് സർക്കാർ സ്വീകരിച്ചാൽ യൂത്ത് ലീഗ് അതിനെതിരെ നിലപാട് വ്യക്തമാക്കുമെന്നും മുനവ്വറലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.