വിമാനത്താവളത്തിലൂടെ അങ്കമാലിയിലേക്ക് മെട്രോ; പുതിയ റൂട്ടിൽ 15 സ്റ്റേഷനുകൾ

മൂന്നാംഘട്ട മെട്രോ പദ്ധതിയുടെ രൂപരേഖ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അങ്കമാലിയിലേക്ക് നേരത്തെ പരിഗണിച്ചിരുന്ന നാല് അലൈൻമെന്റുകളിൽ വിമാനത്താവളം വഴിയുള്ള റൂട്ടിനാണ് നിലവിൽ മുൻതൂക്കം.

വിമാനത്താവളത്തിലൂടെ അങ്കമാലിയിലേക്ക് മെട്രോ; പുതിയ റൂട്ടിൽ 15 സ്റ്റേഷനുകൾ

കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ട വികസനത്തിൽ അങ്കമാലിയിലേക്കുള്ള പാതയ്ക്ക് നിർണായക പരിഗണന. ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് മെട്രോ നീട്ടുന്നതോടെ വടക്കൻ എറണാകുളം മേഖലയിലെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ.

മൂന്നാംഘട്ട മെട്രോ പദ്ധതിയുടെ രൂപരേഖ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അങ്കമാലിയിലേക്ക് നേരത്തെ പരിഗണിച്ചിരുന്ന നാല് അലൈൻമെന്റുകളിൽ വിമാനത്താവളം വഴിയുള്ള റൂട്ടിനാണ് നിലവിൽ മുൻതൂക്കം.

ആലുവയിൽ നിന്ന് കരിയാട് വരെ പ്രധാനമായും റോഡിന് മുകളിലൂടെയായിരിക്കും പാത. നെടുമ്പാശ്ശേരി വിമാനത്താവള മേഖലയിലെത്തുമ്പോൾ മെട്രോ ഭൂഗർഭ പാതയിലേക്ക് മാറും. വിമാനത്താവളം പിന്നിട്ട ശേഷം വീണ്ടും എലിവേറ്റഡ് പാതയിലൂടെ അങ്കമാലിയിലേക്ക് നീങ്ങുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

15 സ്റ്റേഷനുകൾ

പദ്ധതിയുടെ ഭാഗമായി 15 സ്റ്റേഷനുകളാണ് നിലവിൽ പരിഗണിക്കുന്നത്. തോട്ടയ്ക്കാട്ടുകര, കുന്നുംപുറം, പറമ്പയം, നെടുമ്പാശ്ശേരി, അത്താണി, കരിയാട്, എയർപോർട്ട് റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്, നായത്തോട്, കവരപ്പറമ്പ്, അരീക്കൽ ജങ്ഷൻ, എൽ.എഫ്. ഹോസ്പിറ്റൽ, അങ്കമാലി ടൗൺ, കോതകുളങ്ങര, കരയാംപറമ്പ് എന്നിവയാണ് നിർദേശിച്ചിരിക്കുന്ന സ്റ്റേഷനുകൾ.

വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള മെട്രോ കണക്ടിവിറ്റി ഒരുക്കണമെന്ന ആവശ്യം ഏറെക്കാലമായി നിലനിൽക്കുന്നതാണ്. റെയിൽ, റോഡ്, വിമാന ഗതാഗത സംവിധാനങ്ങളെ മെട്രോയുമായി ബന്ധിപ്പിക്കുന്നതിലൂടെ മേഖലയിലെ യാത്രാ സൗകര്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കാൻ പദ്ധതിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.

അങ്കമാലിയിലേക്ക് മെട്രോ സർവീസ് എത്തുന്നതോടെ കൊച്ചി വിമാനത്താവളം, റെയിൽവേ ശൃംഖല, ഹൈവേ എന്നിവയുമായി കൂടുതൽ സുഗമമായ ബന്ധം സാധ്യമാകും. യാത്രക്കാരുടെ എണ്ണത്തിലും ഇതോടെ ഗണ്യമായ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി നേരത്തെ ഗതാഗത പഠനങ്ങളും നടത്തിയിരുന്നു.