ഓണക്കാലത്ത് കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം; ഒറ്റദിവസം നേടിയത് 10.82 കോടി
ശബരിമല സ്പെഷ്യൽ സർവീസ് കാലയളവ് ഒഴിവാക്കിയാൽ കെഎസ്ആർടിസി നേടിയ ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനമാണിത്. പ്രിയദർശിനി പദ്ധതിയിലെ സീറോ ടിക്കറ്റ് വരുമാനം കൂടി ഉൾപ്പെടുത്തിയാണ് 10.82 കോടി രൂപ രേഖപ്പെടുത്തിയത്.
തിരുവനന്തപുരം: ഓണത്തിരക്ക് കെഎസ്ആർടിസിയുടെ വരുമാനത്തിലും പ്രതിഫലിച്ചു. ഇന്നലെ മാത്രം 10.82 കോടി രൂപയുടെ ടിക്കറ്റ് വരുമാനമാണ് കെഎസ്ആർടിസി നേടിയത്. കഴിഞ്ഞ വർഷം ഇതേ ദിവസത്തെ 10.2 കോടി രൂപയുടെ റെക്കോർഡ് മറികടന്നാണ് പുതിയ നേട്ടം.
ശബരിമല സ്പെഷ്യൽ സർവീസ് കാലയളവ് ഒഴിവാക്കിയാൽ കെഎസ്ആർടിസി നേടിയ ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനമാണിത്. പ്രിയദർശിനി പദ്ധതിയിലെ സീറോ ടിക്കറ്റ് വരുമാനം കൂടി ഉൾപ്പെടുത്തിയാണ് 10.82 കോടി രൂപ രേഖപ്പെടുത്തിയത്.
ഓണാഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനയാണ് വരുമാനം ഉയരാൻ പ്രധാന കാരണമായത്. തിരക്കേറിയ റൂട്ടുകളിൽ അധിക സർവീസുകൾ ഏർപ്പെടുത്തിയതും അന്തർസംസ്ഥാന സർവീസുകളുടെ എണ്ണം വർധിപ്പിച്ചതും കെഎസ്ആർടിസിക്ക് നേട്ടമായി.
ഇതിന് പുറമെ പ്രിയദർശിനി പദ്ധതിക്ക് ലഭിച്ച സ്വീകാര്യതയും വരുമാന വർധനയ്ക്ക് സഹായകമായതായി കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. ഓണക്കാലത്തെ യാത്രാ ആവശ്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയാണ് കഴിഞ്ഞ വർഷത്തെ റെക്കോർഡ് മറികടക്കുന്ന നേട്ടം കെഎസ്ആർടിസി സ്വന്തമാക്കിയത്.
Comments ()